K babu’s statement about vigilance raid

കൊച്ചി :തനിക്കെതിരായ വിജിലന്‍സിന്റെ റെയ്ഡും കേസും പകപോക്കലെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു.

വിജിലന്‍സിന്റെ എഫ്‌ഐആറില്‍ പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തേനിയില്‍ തനിക്ക് 120 ഏക്കര്‍ സ്ഥലമുണ്ടെന്നു പറയുന്നത് ശരിയല്ല.

2008 നവംബര്‍ 3–ാം തിയതി മകളുടെ ഭര്‍തൃപിതാവ് വാങ്ങിയതാണ് അത്. പിന്നീട് അദ്ദേഹം അത് വില്‍ക്കുകയും ചെയ്തിരുന്നു. 2012 സെപ്റ്റംബര്‍ 9–ാം തിയതിയാണ് മകളുടെ വിവാഹം നടന്നത്.

ഇതിനു മുന്‍പേ ഈ സ്ഥലം വിറ്റതാണ്. പിന്നെ എങ്ങനെയാണ് ഈ സ്ഥലം എന്റെ പേരിലുള്ളതാവുക.

ബിനാമികള്‍ എന്ന പേരില്‍ പറഞ്ഞ ആളുകളെ അറിയുകപോലും ഇല്ല. എഫ്‌ഐആറില്‍ പറയുന്ന തൃപ്പൂണിത്തുറയിലെ മോഹനന്റെ ബേക്കറിക്കട ഉദ്ഘാടനം ചെയ്തത് താനാണ്. പക്ഷെ അദ്ദേഹവുമായി അല്ലാതെയുള്ള ബന്ധമൊന്നുമില്ല.

ബാബുറാം എന്നു പറയുന്ന വ്യക്തി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണ്. അങ്ങനെ മാത്രമേ അദ്ദേഹത്തെ അറിയൂ. റിയല്‍ എസ്റ്റേറ്റുകാരുമായി ബന്ധമില്ല. ഇനി ഉണ്ടാവുകയുമില്ല. സംസ്ഥാനത്തിന് പുറത്ത് യാതൊരു നിക്ഷേപവും ഇല്ല.

മന്ത്രിയായതിനുശേഷമോ അതിനു മുന്‍പോ സ്വത്ത് സ്വന്തമാക്കിയിട്ടില്ല. മരുമകന്റെ പിതാവിന്റെ പേരില്‍ ബെന്‍സ് കാര്‍ വാങ്ങിയെന്നും അതു വിറ്റുവെന്നും ഉള്ള ആരോപണത്തിനും ബാബു മറുപടി പറഞ്ഞു. മരുമകന്റെ കുടുംബം പരമ്പരാഗതമായി ബിസിനസുകാരാണ്. അവര്‍ കാര്‍ വാങ്ങി പിന്നീട് വിറ്റു. ഇതില്‍ എനിക്ക് എന്താണ് കാര്യം?

ഒരു സ്റ്റീല്‍ കമ്പനിയുമായും യാതൊരു ബന്ധവുമില്ല. കൃത്യമായി ഇന്‍കം ടാക്‌സ് റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള ഏതെങ്കിലും നിരപരാധികളെ ബിനാമിയാക്കി ചിത്രീകരിച്ചാല്‍ വിലപോകില്ല. നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും എന്റെ തലയില്‍ കെട്ടിവച്ചാല്‍ എങ്ങനെയാണ് ശരിയാവുക.

അനധികൃതമായി ഒരു സ്വത്തും ഇല്ല. വീട്ടില്‍ നിന്നും പിടിച്ച ഒന്നരലക്ഷം രൂപ ദൈനംദിന ആവശ്യത്തിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Top