K.C Joseph-EMS-M.V Jayarajan

കൊച്ചി:വിവാദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.സി ജോസഫിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി തീരുമാനിച്ച സാഹചര്യത്തില്‍ മന്ത്രി കോടതിയില്‍ നേരിട്ടെത്തി മാപ്പ് പറയും.

ഫെബ്രുവരി 16 ന് വൈകിട്ട് 3.30 ന് കോടതിയില്‍ ഹാജരായി മാപ്പപേക്ഷിക്കാനാണ് തീരുമാനം. കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി മുന്നോട്ട് പോയാല്‍ മന്ത്രിസ്ഥാനം തെറിക്കുക മാത്രമല്ല, ജയിലിലടക്കപ്പെടുകയും ചെയ്യുമെന്ന നിയമോപദേശവും ഇതിനകം തന്നെ കെ.സി ജോസഫിന് ലഭിച്ചിട്ടുണ്ട്.

സോളാര്‍ – ബാര്‍കോഴ വിവാദങ്ങളില്‍പ്പെട്ട് പിടയുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ.സി ജോസഫിന്റെ മന്ത്രിസ്ഥാനം തെറിക്കുന്നതും അദ്ദേഹം ജയിലില്‍ പോകേണ്ട സാഹചര്യവും ചിന്തിക്കാന്‍ പോലും എ ഗ്രൂപ്പിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കഴിയില്ല.

പ്രതിപക്ഷത്തിന്റെ കയ്യില്‍ മുഖ്യമന്ത്രിയെ അടിക്കാനുളള മറ്റൊരു വടിയായി ജോസഫ് പ്രശ്‌നം മാറരുതെന്നും ഗ്രൂപ്പ് നേതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നിരൂപാധികം മാപ്പപേക്ഷയോടെ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് ഗ്രൂപ്പ് നേതൃത്വം.

ഇക്കാര്യം മുഖ്യമന്ത്രി അടക്കമുള്ള ഗ്രൂപ്പ് നേതാക്കള്‍ ജോസഫുമായി സംസാരിച്ച് ധാരണയിലെത്തിയതായാണ് അറിയുന്നത്.

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അടച്ച് പൂട്ടണമെന്ന് വിമര്‍ശിച്ച ജസ്റ്റീസിനെ പരാമര്‍ശിച്ച് ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍’ എന്ന പരാമര്‍ശത്തോടെ മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കോടതിയലക്ഷ്യത്തിന് ആദ്യമായി കേരളത്തില്‍ നടപടിക്ക് വിധേയനായത് പ്രഥമ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടാണ്. 1967 നവംബര്‍ 9 ന് പത്രസമ്മേളനത്തില്‍ പറഞ്ഞ പരാമര്‍ശങ്ങളാണ് നടപടിക്കാധാരമായിരുന്നത്.

‘മാര്‍ക്‌സും എംഗല്‍സും മര്‍ദ്ദനോപകരണമായാണ് ജുഡീഷ്യറിയെ കണക്കാക്കിയതെന്നും ഇക്കാലത്തും അത് തുടരുന്നുവെന്നും വ്യക്തമാക്കിയ ഇഎംഎസ്, നന്നായി വേഷം ധരിച്ച കുടവയറനായ ധനികനും മോശം വേഷം ധരിച്ച നിരക്ഷരനായ സാധുവിനുമിടയില്‍ നീതിനിര്‍ണ്ണയിക്കുമ്പോള്‍ കോടതി ആദ്യത്തെ വ്യക്തിക്കൊപ്പം നില്‍ക്കുന്നുവെന്നായിരുന്നു’ വിമര്‍ശിച്ചിരുന്നത്.

ഹൈക്കോടതി ഇഎംഎസിന് അക്കാലത്തെ 1000 രൂപ പിഴയൊടുക്കാന്‍ ശിക്ഷിച്ചെങ്കിലും സുപ്രീംകോടതി അത് പിന്നീട് ഒരു രൂപയാക്കി കുറയ്ക്കുകയായിരുന്നു.

പാതയോര പൊതുയോഗ നിരോധനത്തെ എതിര്‍ത്ത് ‘ശുംഭന്മാര്‍’ എന്ന പ്രയോഗം നടത്തിയതിനാണ് സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ ജയരാജന് നാലാഴ്ച ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ഇഎംഎസും എം.വി ജയരാജനും ശിക്ഷ ഏറ്റുവാങ്ങുകയാണ് വിവാദ പരാമര്‍ശങ്ങള്‍ വഴി ചെയ്തതെങ്കില്‍ മാപ്പപേക്ഷിച്ച് നടപടികളില്‍ നിന്ന് തലയൂരാനാണ് കെ.സി ജോസഫ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നതാണ് ശ്രദ്ധേയം.

Top