കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ മന്ത്രി കെ.സി. ജോസഫ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ജഡ്ജിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് കുട്ടിക്കളിയല്ല. കോടതിയില്‍ നേരിട്ട് ഹാജരായ ശേഷം മാപ്പപേക്ഷ പരിഗണിക്കാം.
ഈ മാസം 29ന് മന്ത്രിയോട് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു തളളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതി ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് മന്ത്രി കെ.സി. ജോസഫ് മാപ്പ് പറഞ്ഞിരുന്നു.
കോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഖേദപ്രകടനം നടത്തിയത്. തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ ജഡ്ജിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വി. ശിവന്‍കുട്ടി എംഎല്‍എയാണ് മന്ത്രിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍’ ആണെന്ന് മന്ത്രി കെ.സി. ജോസഫ് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശമാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്.