രാഹുലിന്റെ കത്തിനെ ആയുധമാക്കേണ്ട, അത് ജനപ്രതിനിധി കാണിക്കേണ്ട മര്യാദ മാത്രം:കെ.സി

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ലോക കേരളസഭയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രശംസിച്ചതിനെ ആയുധമാക്കാന്‍ നോക്കേണ്ടെന്ന മുന്നറിയിപ്പ് നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

കത്തയച്ചത് രാഹുല്‍ ഗാന്ധിയുടെ മഹാമനസ്‌കതയാണെന്നും ജനപ്രതിനിധി കാണിക്കേണ്ട മര്യാദ മാത്രമാണ് രാഹുല്‍ ഗാന്ധിചെയ്തതെന്നും ആ മര്യാദയെ വളച്ചൊടിച്ച് വിവാദമാക്കിയത് ശരിയായില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മാത്രമല്ല കോണ്‍ഗ്രസ് ഒറ്റ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നവരാണ്. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ കേന്ദ്രനേതൃത്വം തള്ളിപ്പറഞ്ഞിട്ടുമില്ലെന്നും കെ.സി വ്യക്തമാക്കി.

ധൂര്‍ത്തിന്റെ മറ്റൊരു പദമാണ് ലോകകേരളസഭ എന്ന് ആരോപിച്ചാണ് പ്രതിപക്ഷം ചടങ്ങില്‍ നിന്ന് വിട്ടു നിന്നിരുന്നത്. അതിനിടയിലാണ് രാഹുല്‍ ഗാന്ധി എംപി ഇതിനെ അഭിനന്ദിച്ച് പിണറായിക്ക് കത്തയച്ചത്.

അതേസമയം രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് ഡിസംബര്‍ 12-നാണെന്നും പ്രതിപക്ഷം ലോക കേരളസഭ ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുന്നത് അതിന് ശേഷമാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് ചൂണ്ടിക്കാട്ടി.

Top