ഹൈദരാബാദ്: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കൃഷി നാശം രൂക്ഷമായ തെലങ്കാനയിലെ കര്‍ഷകര്‍ പട്ടിണിയാകുമ്പോള്‍, മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഏഴ് കോടിമുടക്കി യാഗം നടത്താനൊരുങ്ങുന്നു. മേഡക് ജില്ലയിലെ എറാവെള്ളിയിലെ മുഖ്യമന്ത്രിയുടെ ഫാംഹൗസിലാണ് യാഗം.
യാഗത്തിന് ഏഴുകോടി രൂപ ചെലവാകുമെന്നും എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ല പണം മുടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചതായും എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് പണം മുടക്കുന്നതെന്നും ജനറേറ്ററുകള്‍ക്കും വാഹനചെലവായിപ്പോലും നയാപൈസ ഖജനാവില്‍നിന്ന് എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായാണ് അറിയുന്നത്.
വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി ദൈവകൃപ തേടിയാണ് മുഖ്യമന്ത്രി ‘സഹസ്ര കുഞ്ജ ആയുത ചണ്ഡിയാഗം’ നടത്തുന്നത്. ഈ മാസം 27 മുതല്‍ അഞ്ചു ദിവസം നീളുന്നതാണ് യാഗം. 108 യാഗശാലകളിലായി 1500 പൂജാരിമാര്‍ യാഗത്തില്‍ പങ്കെടുക്കും. 30 ഏക്കറോളം വരുന്ന യാഗ ശാല പൂജകള്‍ക്ക് ഗുരു ശ്രീമന്നാരായണ ചിന്ന ജീയാര്‍ സ്വാമി നേതൃത്വം നല്‍കും.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയടക്കം 50,000 അതിഥികള്‍ യാഗത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യാഗം നടത്തുന്ന എറാവല്ലിയില്‍നിന്നു വെറും 10 കിലോമീറ്റര്‍ അകലെയാണ് കൃഷിനാശത്തെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.