തിരുവനന്തപുരം; കെ ഫോണിൽ ആദ്യഘട്ടത്തിൽ നൽകുന്നത് 40,000 ഇന്റർനെറ്റ് കണക്‌ഷൻ. 26,000 സർക്കാർ ഓഫീസിലും 14,000 ബിപിഎൽ കുടുംബത്തിലുമാകും ആദ്യം ഇന്റർനെറ്റ് കണക്ഷൻ എത്തുക. നിലവിൽ ഓരോ അസംബ്ലി മണ്ഡലത്തിലും 100 വീതം ബിപിഎൽ കുടുംബത്തിനാണ് കണക്ഷൻ നൽകുന്നത്. വൈകാതെ ഒരു ലക്ഷം കുടുംബത്തിനുകൂടി നൽകുമെന്ന് കെഎസ്‌ഐടിഐഎൽ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.
ബിഎസ്‌എൻഎല്ലാണ് ബാൻഡ് വിഡ്‌ത് നൽകുക. കെ ഫോൺ നേരിട്ട് സേവനദാതാവാകും. ഇതിനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് ഉടൻ ലഭ്യമാകും. കെ ഫോണിന്റെ നടത്തിപ്പ് സാധ്യതകളെക്കുറിച്ച് പഠിക്കാൻ അഞ്ചംഗസമിതിയെ നിയോഗിച്ചു. ചിഫ് സെക്രട്ടറി ഡോ. വി പി ജോയ് ആണ് സമിതി അധ്യക്ഷൻ. ധന അഡീഷണൽ ചീഫ് സെക്രട്ടറി ആർ കെ സിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് എംഡി ഡോ. സന്തോഷ് ബാബു, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവർ അംഗങ്ങളാണ്.
പദ്ധതിയുടെ പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിക്കുക, കെ ഫോണിനെ വരുമാനദായകമാക്കാൻ ചാനൽ ഓപ്പറേറ്റർമാരുടെ തെരഞ്ഞെടുപ്പിനായി ബിഡ് വാഗ്‌ദാനങ്ങൾ ക്ഷണിക്കുന്നതിന് യോഗ്യതകൾ നിശ്ചയിക്കൽ എന്നിവ സമിതി പരിഗണിക്കും. അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകാനാവശ്യമായ ഇൻഫ്രാസ്‌ട്രക്‌ചർ പ്രൊവൈഡർ ഒന്ന് ലൈസൻസ് കഴിഞ്ഞ ദിവസം കെ ഫോണിന് ലഭ്യമായിരുന്നു. 20 ലക്ഷം ബിപിഎൽ കുടുംബത്തിന് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും സർക്കാർ ഓഫീസുകളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിനായാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി ആവിഷ്‌കരിച്ചത്.