തിരുവനന്തപുരം: ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വപ്ന പദ്ധതി കെഫോണിന്റെ ഉദ്ഘാടനം നാളെ. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിലും കേരളത്തിലെങ്ങും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000ത്തിൽപ്പരം സർക്കാർ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് നിയമസഭാ കോംപ്ലക്സിലെ ആർ ശങ്കര നാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി കെഫോൺ പദ്ധതി ഉദ്ഘാടനം ചെയ്യും. നൂറ്റിനാൽപ്പത് മണ്ഡലങ്ങളിലും ഉദ്ഘാടന ചടങ്ങ് കാണാനും അതിൽ പങ്കാളിയാകാനും ഉള്ള സൗകര്യം സര്‍ക്കാര്‍ സജ്ജമാക്കുന്നുണ്ട്.