കൊച്ചി : പണിയെടുത്ത് ജീവിക്കാൻ സമൂഹം അനുവദിക്കുന്നില്ല. ഞങ്ങൾ ഇനി എന്ത് ചെയ്യുമെന്ന് ചോദിച്ച് കണ്ണീരോടെ നിന്ന സജന ഷാജിക്ക് സഹായഹസ്തവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ . സജന ഷാജി പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ ശ്രദ്ധയിൽപെട്ടതോടെയാണ് മന്ത്രി നടപടി സ്വീകരിച്ചത്. എറണാകുളത്ത് വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തുന്ന സജനയേയും സുഹൃത്തുക്കളായ ട്രാൻസ്ജെന്റർ വ്യക്തികളേയും ചിലര്‍ സംഘം ചേര്‍ന്ന് ശല്യപ്പെടുത്തുകയും കച്ചവടം മുടക്കുകയും ചെയ്തിരുന്നു.
സംഭവം പൊലീസിൽ അറിയിച്ചിരുന്നെങ്കിലും തങ്ങൾക്ക് നീതി ലഭിക്കാത്തതിനെ തുടർന്നാണ് സജന സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മണിക്കൂറുകള്‍ക്കുള്ളിലാണ് മന്ത്രിയുടെ പ്രതികരണമെത്തിയിരിക്കുന്നത്. സജനയെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും വേണ്ട സഹായവും സുരക്ഷയും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി അറിയിച്ചു.
https://www.facebook.com/kkshailaja/posts/3445384902216133
‘പൊലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കും തുടങ്ങിയ കാര്യങ്ങളാണ് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.