തെലങ്കാനയില്‍ ബിആര്‍എസ് സെഞ്ച്വറി തികയ്ക്കും; കെ കവിത

ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസ് സെഞ്ച്വറി തികയ്ക്കുമെന്ന് കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും എംഎല്‍സിയുമായ കെ കവിത.തെരഞ്ഞെടുപ്പിനെ കുറിച്ച് ബിആര്‍എസിന് ഒരു ആശങ്കയും ഇല്ലെന്നും കെ കവിത പറഞ്ഞു.സ്ത്രീവോട്ടര്‍മാര്‍ ബിആര്‍എസിനൊപ്പം നില്‍ക്കുമെന്നും കെ കവിത ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആവേശകരമായ ഒരു പ്രചാരണകാലത്തിനൊടുവില്‍ തെലങ്കാന ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുന്നത്. 3.26 കോടി വോട്ടര്‍മാരാണ് തെലങ്കാനയിലുള്ളത്. 2290 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് 5 മണി വരെ നീളും.

ഛത്തീസ്ഗഢ് അതിര്‍ത്തിയോട് അടുത്ത് കിടക്കുന്ന 13 നക്‌സല്‍ ബാധിതമേഖലകളില്‍ വൈകിട്ട് നാല് മണി വരെ മാത്രമേ പോളിംഗ് ഉണ്ടാകൂ. 12,000 പ്രശ്‌നബാധിതബൂത്തുകള്‍ സംസ്ഥാനത്തുണ്ട്. ആകെയുള്ള 35,655 പോളിംഗ് സ്റ്റേഷനുകളില്‍ 375 കമ്പനി കേന്ദ്രസേനയും 50 കമ്പനി തെലങ്കാന സ്‌പെഷ്യല്‍ പൊലീസും 45,000 സംസ്ഥാന പൊലീസുദ്യോഗസ്ഥരും സുരക്ഷയൊരുക്കും. ബിആര്‍എസ്സും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പോളിംഗ് ശതമാനം നിര്‍ണായകമാകും. ഗ്രാമീണമേഖലകള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാകും ജനവിധി നിര്‍ണയിക്കുക.

ബിആര്‍എസ്സിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന വടക്കന്‍ തെലങ്കാന ജില്ലകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. തെക്കന്‍ തെലങ്കാനയിലെ ജില്ലകളില്‍ നിന്ന് നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ബിജെപി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ പിളര്‍ത്തിയാല്‍ അത് ബിആര്‍എസ്സിന് നേട്ടമാകും. ഹൈദരാബാദ് നഗരത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ AIMIM നേടുമെങ്കിലും ഗ്രാമങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷവോട്ടുകള്‍ ആര്‍ക്കൊപ്പം എന്നതും ശ്രദ്ധേയമാകും. ഒബിസി- പിന്നാക്ക വിഭാഗങ്ങള്‍ 70 ശതമാനത്തോളം വരുന്ന തെലങ്കാനയില്‍ ഈ വോട്ട് ബാങ്ക് ആര്‍ക്കൊപ്പം എന്നതും ജനവിധിയില്‍ നിര്‍ണായകമാണ്.

Top