മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമിന് പ്രശ്‌നമാകില്ല, ആശങ്ക വേണ്ടെന്ന് കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോള്‍ ആശങ്ക വേണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാം തുറന്ന് വിടുമ്പോഴുള്ള ജലം ഇടുക്കി ഡാമിന് പ്രശ്‌നമാകില്ലെന്നും മന്ത്രി അറിയിച്ചു.

റൂള്‍ കര്‍വിനേക്കാള്‍ ഒന്നരയടി താഴ്ത്തിയാണ് ഇടുക്കിയിലെ ജലനിരപ്പ് നിലനിര്‍ത്തുന്നത്. ഡാമുകള്‍ തുറക്കുന്നത് മൂലം കെഎസ്ഇബിക്ക് 45 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആശങ്ക വേണ്ട. 20ഓളം ക്യാമ്പുകള്‍ തയാറാക്കിയിട്ടുണ്ട്. രോഗബാധിതരെയും പ്രായമായവരെയും ആദ്യം മാറ്റും. 20 റവന്യു ഉദ്യോഗസ്ഥര്‍ക്ക് 20 ക്യാമ്പിന്റെ ചുമതല നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഉദ്യോഗസ്ഥരും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. വെള്ളം ഒഴുകിപ്പോകാനുള്ള തടസങ്ങള്‍ നീക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. പെരിയാര്‍ തീരത്തുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തും. വാഹനങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും സജ്ജമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. മന്ത്രി ഇന്ന് വൈകിട്ട് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കും.

Top