k.m mani not attended udf meeting

തിരുവനന്തപുരം: യു.ഡി.എഫിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണി മുന്നണി യോഗത്തില്‍ നിന്ന് വിട്ടു നിന്നു. മാണിക്ക് പകരം ജോയ് എബ്രഹമാണ് യോഗത്തില്‍ മാണിക്കു വേണ്ടി അതൃപ്തി അറിയിച്ചത്. സീറ്റ് ചര്‍ച്ച പകുതി വഴിയില്‍ നിറുത്തി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിക്ക് പോയതിലും മാണി കടുത്ത അതൃപ്തി രേഖപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ മത്സരിക്കുന്ന മാണി വിഭാഗം ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നല്‍കാന്‍ തയ്യാറായില്ല. ഇതും മാണിയുടെ അതൃപ്തിക്ക് കാരണമായി.

ചര്‍ച്ച പാതിവഴിയില്‍ നിറുത്തി ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് നേതാക്കള്‍ പോയത് സാമാന്യ മര്യാദയല്ലെന്ന് ജോയ് എബ്രഹാം പറഞ്ഞു. പിന്നീട് നേതാക്കള്‍ ഫോണിലൂടെയാണ് ചര്‍ച്ച നടത്തിയത്. തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ഗൗരവമായ വിഷയമാണെന്നിരിക്കെ ഫോണിലൂടെ ചര്‍ച്ച നടത്തിയത് ചര്‍ച്ചകളുടെ ഗൗരവം കുറച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂഞ്ഞാറിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയുടെ പ്രസ്താവനയും ജോയി എബ്രഹാം യു.ഡി.എഫിന്റെ ശ്രദ്ധയില്‍പെടുത്തി. ഡി.സി.സി പ്രസിഡന്റെന്ന നിലയ്ക്ക് പൂഞ്ഞാറില്‍ തനിക്ക് സീറ്റ് ലഭിക്കുമെന്നാണ് കരുതിയതെന്നും അത് നഷ്ടപ്പെട്ടതില്‍ നിരാശയുണ്ടെന്നായിരുന്നു ടോമിയുടെ പ്രസ്താവന. കേരളാ കോണ്‍ഗ്രസ് മത്സരിച്ചു വന്ന പൂഞ്ഞാര്‍ സീറ്റില്‍ അവകാശവാദം ഉന്നയിച്ചത് ശരിയല്ലെന്ന് ജോയി പറഞ്ഞു.

അതേസമയം ടോമി കല്ലാനിയുടെ പ്രസ്താവന ഉചിതമായില്ലെന്ന് യു.ഡി.എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Top