തിരുവനന്തപുരം: കെ.എം മാണിക്കെതിരെ വീണ്ടും കൈക്കൂലി ആരോപണവുമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് രംഗത്ത്.
ബഡ്ജറ്റിന് മുമ്പ് മാണി ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് അഞ്ചു കോടി രൂപ കോഴ വാങ്ങിയെന്ന് ബിജു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. പണം വാങ്ങിയതിന് തെളിവായി ശബ്ദരേഖയുടെ സി.ഡി.കൈവശമുണ്ടെന്നും ബിജു പറഞ്ഞു.
ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍, അന്വേഷണത്തിന് ഒടുവില്‍ മാണിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ്, കോടതിയെ സമീപിച്ചു. ഈ ആവശ്യം കോടതി തള്ളുകയും വിജിലിന്‍സിനു നേരെ രൂക്ഷവിമര്‍ശനവും നടത്തി.
തുടര്‍ന്ന് വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതി മാണിയെ രൂക്ഷമായി വിമര്‍ശിക്കുകയും അതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് രാജി വയ്‌ക്കേണ്ടിയും വന്നു.
പിന്നീട് എക്‌സൈസ് മന്ത്രി കെ.ബാബുവിനു നേരെയായിരുന്നു ബിജുവിന്റെ അഴിമതി ആരോപണം. രണ്ടു തവണയായി ഒരു കോടി രൂപ സെക്രട്ടേറിയറ്റിലെ ബാബുവിന്റെ ഓഫീസില്‍ കൊണ്ടുചെന്നു കൊടുത്തു എന്നായിരുന്നു ബിജു ആരോപിച്ചത്. അത് വലിയ വിവാദമായി തുടരുന്നതിനിടയിലാണ് മാണിക്കെതിരെ പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.