കെ.എം മാണിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം)ഇടതുപക്ഷത്തേക്ക് ചേരുന്നതിനെതിരെ ഭരണ പരിഷ്‌കാര ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. കോട്ടയത്തുനിന്നുള്ളത് പ്രാദേശിക വാര്‍ത്തയാണ്. അത് സത്യമാകാതിരിക്കട്ടെയെന്നാണ് വി.എസ് പ്രതികരിച്ചത്. കെ.എം മാണിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് ഭരണം പിടിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തേക്ക് ചേക്കേറാനൊരുങ്ങുന്നതിന്റെ സൂചനയാണ് ഇതെന്ന് വിലയിരുത്തല്‍. ഇതേക്കുറിച്ചാണ് വി.എസ് പ്രതികരിച്ചത്. ബാര്‍ കോഴക്കേസില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന കെ.എം മാണി എല്‍.ഡി.എഫിലേക്ക് വരുന്നതിനെ നേരത്തെയും വി.എസ് എതിര്‍ത്തിരുന്നു.

ബാര്‍ കോഴക്കേസിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടത്. തുടര്‍ന്ന് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുകയാണ് കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍.

എന്നാല്‍, മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി കെ.എം മാണി പ്രചാരണം നടത്തിയിരുന്നു. ഇതിനിടെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെയാണ് കേരള കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചത്.

Top