K M Mani’s War against Chennithala; Mani did not give the apology in babr bribe case

തിരുവനന്തപുരം: യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം ബഹിഷക്കരിച്ച കെ.എം മാണി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. ബാര്‍ കോഴക്കേസില്‍ കുരുക്കിയത് ചെന്നിത്തലയാണെന്ന നിലപാടാണ് മാണിക്ക്.

ഉമ്മന്‍ചാണ്ടിയെ നീക്കി മുഖ്യമന്ത്രിയാകാനുളള ചെന്നിത്തലയുടെ നീക്കങ്ങളെ പിന്തുണക്കാത്തതിന് കേസില്‍ കുരുക്കിയെന്ന വികാരമാണ് മാണിക്കുളളത്. പ്രതിപക്ഷ നേതാവായി ചെന്നിത്തലയെ അംഗീകരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷ നേതാവാകേണ്ടതെന്നുമാണ് മാണിയുടെ നിലപാട്. ഇന്നലെ ഫോണില്‍ ഉമ്മന്‍ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച മാണി ചെന്നിത്തലയുമായി സംസാരിക്കാന്‍ തയ്യാറായില്ല.

ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുന്നതിനക്കാള്‍ നല്ലത് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുകയാണെന്ന നിലപാടാണ് മാണിക്ക്. മാണിയോട് ‘അടവുനയം’ കൂടാന്‍ സി.പി.എമ്മും ബി.ജെ.പിയും രംഗത്ത് വന്നതോടെ യു.ഡി.എഫില്‍ മാണി ഉയര്‍ത്തിയ കലാപക്കൊടിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം കൈവരികയാണ്.

പ്രതിപക്ഷ നേതൃ സ്ഥാനത്ത് ചെന്നിത്തലയുടെ പ്രകടനത്തിനെതിരെ കെ. മുരളീധരന്‍ അടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ എഫ്.ഐ.ആര്‍ ഇട്ട് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത് ചെന്നിത്തലയുടെ ഇടപെടലിലാണെന്ന പരാതിയാണ് മാണിക്കുളളത്.

മാണിയേക്കാള്‍ വലിയ ആരോപണം നേരിട്ട കെ.ബാബുവിനെതിരെ കേസെടുത്തതുമില്ല. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മാണിക്ക് ധനമന്ത്രി സ്ഥാനം രാജിവേക്കേണ്ടിയും വന്നു. മന്ത്രി സ്ഥാനം രാജിവെച്ച ബാബുവിന് മന്ത്രി സ്ഥാനം തിരികെ നല്‍കിയപ്പോള്‍ മാണിക്ക് മന്ത്രി സ്ഥാനത്ത് മടങ്ങിയെത്താനുള്ള അവസരം നല്‍കിയതുമില്ല.

ഇടതുസര്‍ക്കാര്‍ ഭരണമേറ്റെടുത്തതോടെ മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചത്. ഇതോടെയാണ് ചെന്നിത്തലക്കെതിരെ ആഞ്ഞടിച്ച് മാണി രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും യു.ഡി.എഫ് വിടണമെന്ന നിലപാടിലാണ്. എന്നാല്‍ പി.ജെ ജോസഫ് വിഭാഗം തല്‍ക്കാലം മുന്നണി മാറ്റം വേണ്ടെന്ന അഭിപ്രായത്തിലാണ്. ഇതോടെയാണ് ചെന്നിത്തലക്കെതിരെ നിലപാട് കടുപ്പിച്ച് യു.ഡി.എഫില്‍ മാണി കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.

മാണി നിലപാട് തുടര്‍ന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുക എന്നത് ചെന്നിത്തലക്ക് വെല്ലുവിളിയാകും. പ്രത്യേകിച്ച് കോണ്‍ഗ്രസിനുള്ളിലും എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍.

Top