തിരുവനന്തപുരം: കെഎം ഷാജിയുടെ അപ്പീല്‍ നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. അഴീക്കോട്ടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെയാണ് ഹര്‍ജി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് കെ.എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെടും.
അതേസമയം, സുപ്രീംകോടതി സ്‌റ്റേ നീട്ടാത്തതിനാൽ കെ എം ഷാജി നിയമ സഭാംഗമല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. ഈ മാസം 24 മുതൽ എംഎൽഎ അല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹർജിയിൽ കെ.എം.ഷാജിയുടെ വാദം.
അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹർജി നൽകിയത്. അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു.