ഗവര്‍ണര്‍, ‘പദവി’ മറന്ന് പെരുമാറുന്നു, ഇത് ശരിയല്ല; ആഞ്ഞടിച്ച് കെ. മുരളീധരന്‍ എംപി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്ന വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിക്കുന്ന ഗവണറുടെ നിലപാടിനെതിരെ ആണ് മുരളീധരന്റെ പ്രതികരണം.

പദവി അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

കെ കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് കെ മുരളീധരന്‍. വൈകീട്ട് നടക്കുന്ന കെ കരുണാകരന്‍ അനുസ്മരണയോഗത്തിന് ഗവര്‍ണറെ ക്ഷണിച്ചിട്ടുണ്ട്. അതേസമയം കുറെ കാലം മുമ്പാണ് ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഒന്നടങ്കം ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞതോടെ അദ്ദേഹം ചടങ്ങില്‍ എത്തുമോ എന്നതും സംശയമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.

രാജ്യത്തിന് സ്വതന്ത്ര്യം കിട്ടുന്ന സമയത്ത് മഹാത്മ ഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്‌റുവും നല്‍കിയ ഉറപ്പാണ് പൗരത്വ ഭേദഗതിയിലൂടെ നടപ്പായതെന്നായിരുന്നു ഗവര്‍ണര്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. ഗവര്‍ണറുടെ നിലപാടിനെതിരെ യുഡിഎഫ് എല്‍ഡിഎഫ് നേതാക്കള്‍ കടുത്ത വിമര്‍ശമാണ് ഉന്നയിച്ചത്. മാത്രമല്ല അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ പിആര്‍ഒ ആണോ എന്ന വിമര്‍ശനവും കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു.

Top