കിങ്ങിണിക്കുട്ടൻ എന്ന് പരിഹസിച്ചവർക്ക് മുന്നിൽ തല ഉയർത്തി കെ. മുരളീധരൻ . . .

കിങ്ങിണിക്കുട്ടനെന്നു വിളിച്ചവരെക്കൊണ്ടും ലീഡറെന്ന് മാറ്റി വിളിപ്പിച്ച് കോണ്‍ഗ്രസിന്റെ തിളങ്ങുന്ന സ്ഥാനാര്‍ത്ഥിയായി കെ.മുരളീധരന്‍. മുരളിയെ ആക്ഷേപിച്ച് ലീഡര്‍ കെ. കരുണാകരനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയവര്‍ക്ക് പോലും വടകരയില്‍ പോരാടാന്‍ മുരളീധരന്‍ മാത്രമേയുള്ളൂ.

വയനാട്ടിലെയും വടകരയിലെയും തര്‍ക്കത്തെപ്പോലും അപ്രസക്തമാക്കുന്ന ഇടിവെട്ട് സ്ഥാനാര്‍ത്ഥിയായാണ് മുരളീധരന്‍ വടകരയില്‍ സി.പി.എമ്മിലെ പി. ജയരാജനെതിരെ അങ്കംകുറിക്കാനിറങ്ങുന്നത്. കോണ്‍ഗ്രസിലെ രണ്ടാം നിര നേതാവായ ടി. സിദ്ദിഖുപോലും വടകരയിലേക്കില്ലെന്നു പറഞ്ഞ് സുരക്ഷിത മണ്ഡലമായ വയനാട്ടിലേയ്ക്ക് ഓടിയപ്പോഴാണ് കോണ്‍ഗ്രസിന്റെ അഭിമാനം രക്ഷിക്കാന്‍ മുരളീധരന്‍ വടകര തെരഞ്ഞെടുത്തത്.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത പി.ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കി സി.പി.എം വെല്ലുവിളിച്ചപ്പോള്‍ പകരക്കാരനില്ലാതെ കോണ്‍ഗ്രസ് പതറുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്റായ മുല്ലപ്പള്ളി പരാജയഭീതി മണത്ത് പിന്‍മാറിയപ്പോള്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖും സുരക്ഷിത മണ്ഡലമായ വയനാട്ടിനു വെച്ചു പിടിച്ചു. വടകരയില്‍ മത്സരിക്കാനേയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.

വിദ്യാബാലകൃഷ്ണന്‍, പ്രവീണ്‍കുമാര്‍ തുടങ്ങിയ നേതാക്കളെ പരിഗണിച്ചപ്പോള്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ആര്‍.എം.പി ജയരാജനെ തോല്‍പ്പിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന കടുത്ത നിലപാട് സ്വീകരിച്ചു. മുല്ലപ്പള്ളിയുടെ പേര് ഹൈക്കമാന്റും സുധീരനും നിര്‍ദ്ദേശിച്ചപ്പോള്‍ സുധീരന്‍ മത്സരിക്കണമെന്നായി മുല്ലപ്പള്ളി. ഒടുവില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും മത്സരിക്കാനാവുമോ എന്നു ചോദിച്ചപ്പോള്‍ തന്റേടത്തോടെ, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാമെന്ന ആര്‍ജ്ജവത്തോടെയുള്ള നിലപാട് സ്വീകരിക്കുകയായിരുന്നു മുരളീധരന്‍.

2014ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സി.പി.എമ്മിലെ എ.എന്‍ ഷംസീറിനെതിരെ കേവലം 3,306 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണ് വടകര. ഇടതുകോട്ടയായ വടകര തിരിച്ചുപിടിക്കാന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെയാണ് മത്സരരംഗത്തിറക്കിയത്.

ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായ വടകരയില്‍ ടി.പി ചന്ദ്രശേഖരന്റെ ആര്‍.എം.പിയുടെ സാന്നിധ്യമാണ് സി.പി.എമ്മിന്റെ അടിവേരിളക്കിയത്. പി. സതീദേവി 2004ല്‍ 1,30,585 വോട്ടുകള്‍ക്ക് വിജയിച്ച വടകരയില്‍ 2009തില്‍ മുല്ലപ്പള്ളി 56,186 വോട്ടുകള്‍ക്ക് അട്ടിമറി വിജയം നേടിയത് ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായ ടി.പി ചന്ദ്രശേഖരന്‍ 21,833 വോട്ടുകള്‍ പിടിച്ചതുകൊണ്ടാണ്.

കുലംകുത്തിയെന്നു പറഞ്ഞ് 2012 മെയ് നാലിന് ടി.പിയെ 51 വെട്ടുവെട്ടി കൊലപ്പെടുത്തിയതോടെ വടകരയില്‍ കൊലപാതകരാഷ്ട്രീയത്തിനെതിരെ പ്രതിഷേധം തിളക്കുകയായിരുന്നു. ഈ പ്രതിഷേധ വോട്ടിലൂടെയാണ് 2014ലും മുല്ലപ്പള്ളിക്ക് വിജയം ആവര്‍ത്തിക്കാനായത്.

കെ.കരുണാകരന്റെ മകനെന്ന നിലയില്‍ രാഷ്ട്രീയ പ്രവേശനത്തില്‍ കടുത്ത എതിര്‍പ്പുകള്‍ നേരിട്ടയാളാണ് മുരളീധരന്‍. മുരളീധരന്‍ രാഷ്ട്രീയ പ്രവേശനം നടത്തിയതോടെയാണ് കരുണാകരന്‍ മക്കളെപ്പോലെ സ്‌നേഹിച്ച ചെന്നിത്തലയും കാര്‍ത്തികേയനും എം.ഐ ഷാനവാസും ഐ ഗ്രൂപ്പ് വിട്ട് തിരുത്തല്‍വാദി ഗ്രൂപ്പുമായി രംഗത്തിറങ്ങിയത്. ആരോപണങ്ങളിലും അപഹാസങ്ങളിലും മനംമടുക്കാതെ പൊരുതി ജയിച്ച ലീഡറുടെ പോരാട്ടവീര്യം തന്നെയാണ് മുരളീധരനും കരുത്തായത്.

1989-ല്‍ സി.പി.എമ്മിലെ കരുത്തനായ ഇമ്പിച്ചിബാവയെ കോഴിക്കോട്ട് തോല്‍പ്പിച്ചാണ് മുരളീധരന്‍ പാര്‍ലമെന്റിലെത്തുന്നത്. 1991ല്‍ കോഴിക്കോട്ടുനിന്നും എം.പി വീരേന്ദ്രകുമാറിനെയും 1999തില്‍ മുന്‍ വ്യോമയാന മന്ത്രിയായിരുന്ന സി.എം ഇബ്രാഹിമിനെയും പരാജയപ്പെടുത്തി.

എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന 2001-2004 കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ കെ.പി.സി.സി പ്രസിഡന്റായിരുന്നു മുരളീധരന്‍. ഇന്ദിരാഭവന് പുതിയ ആസ്ഥാന മന്ദിരമടക്കം നിര്‍മ്മിച്ചത് മുരളിധരന്‍ പ്രസിഡന്റായിരുന്ന ഘട്ടത്തിലാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കൈവിട്ട് ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായ മുരളീധരന്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു.

രാജ്യസഭാ സീറ്റു തര്‍ക്കത്തില്‍ പിതാവ് കെ. കരുണാകരനോടൊപ്പം കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ച്, അതിന്റെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് എന്‍.സി.പിയിലേക്ക് മാറി എന്‍.സി.പിയുടെയും സംസ്ഥാന അധ്യക്ഷനായി. കരുണാകരന്‍ കോണ്‍ഗ്രസിലേക്കു മടങ്ങിയപ്പോഴും എന്‍.സി.പിയില്‍ തുടര്‍ന്നു. ഒടുവില്‍ എ.കെ ആന്റണിയും സുധീരനും മുല്ലപ്പള്ളിയും ഇടപെട്ടാണ് മുരളീധരനെ കോണ്‍ഗ്രസിലേക്ക് തിരികെയെത്തിച്ചത്. 2011ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിച്ച് പഴയ കോണ്‍ഗ്രസ് നേതാവായിരുന്ന ചെറിയാന്‍ ഫിലിപ്പിനെ 16,167 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തി.

2016-ല്‍ ശക്തമായ മത്സരത്തില്‍ കുമ്മനം രാജശേഖരനെ 7,622 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തി. വട്ടിയൂര്‍ക്കാവ് എം.എല്‍.എയായിരിക്കെയാണ് വടകരയില്‍ മത്സരിക്കാനുള്ള നിയോഗം ഏറ്റെടുക്കുന്നത്.

political reporter

Top