‘ലോകസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ട്’; കെ മുരളീധരന്‍

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്ന് കെ മുരളീധരന്‍ എംപി. ഐഎന്‍ടിയുസിക്ക് സീറ്റ് ആവശ്യപ്പെടാന്‍ അവകാശമുണ്ട് എന്നാല്‍ സീറ്റ് തന്നില്ലെങ്കില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പറയാന്‍ അവകാശമില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. മകള്‍ക്കെതിരായ കേസില്‍ പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനെ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മക്കള്‍ക്കെതിരെ അന്വേഷണം വന്നപ്പോള്‍ കോടിയേരി അവധിയെടുത്ത് മാറിനിന്നു മക്കളെ ന്യായീകരിക്കാന്‍ നിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എന്തിനാണ് എപ്പോഴും മടിയില്‍ കനമില്ല കനമില്ല എന്ന് പറഞ്ഞു കൊണ്ടിരിക്കന്നതെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം കോണ്‍ഗ്രസില്‍ ഇപ്പോഴും അവഗണന നേരിടുന്നുവെന്ന് കെ മുരളീധരന്‍ തുറന്നടിച്ചു. സമരാഗ്‌നി യാത്രയുടെ പ്രചാരണ സമിതി അധ്യക്ഷനായിരുന്നിട്ടു പോലും പേരോ ചിത്രമോ എങ്ങും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലമായ വടകരയില്‍ പോലും തഴഞ്ഞു. പരാതിക്കാരനായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിട്ടുപോയി എന്ന സ്ഥിരം പല്ലവി പല സന്ദര്‍ഭത്തിലും ഉണ്ടാകാറുണ്ട്. എന്റെ പേര് മാത്രമേ വിട്ടുപോകാറുള്ളൂ. എന്റെ ചിത്രം തെരഞ്ഞെടുപ്പ് കാലത്ത് വരുമല്ലോ എന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top