മലപ്പുറം: മൂന്നാം സീറ്റ് വിഷയത്തില്‍ യുഡിഎഫില്‍ കലഹം ഉണ്ടാവില്ലെന്ന് കെ മുരളീധരന്‍ എംപി. വിഷയം മുസ്ലിം ലീഗ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളിലാണ് ഒഴിവുള്ളത്. ലീഗിന്റെ ആവശ്യം ന്യായമാണ്. വിഷയത്തില്‍ തീരുമാനമുണ്ടായാല്‍ സീറ്റ് വിഭജനം പൂര്‍ത്തിയാവും. രാജ്യസഭ സീറ്റിനെ കുറിച്ച് ചര്‍ച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണ്. സംസ്ഥാനത്ത് നടക്കുന്നത് സ്‌പോണ്‍സര്‍ഷിപ്പ് ഭരണമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.
മുഖാമുഖത്തില്‍ പങ്കെടുക്കേണ്ടവരെയൊക്കെ നേരത്തെ തീരുമാനിച്ചു. ഇഷ്ടക്കാരെ മാത്രം പങ്കെടുപ്പിക്കുന്ന പരിപാടിയാണിതെന്നും മുരളീധരന്‍ ആരോപിച്ചു. തിരക്കഥയ്ക്ക് അനുസരിച്ചുള്ള ഷൂട്ടിംഗാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ, ഇത്തവണയെങ്കിലും മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നിഷേധിക്കരുതെന്നാവശ്യപ്പെട്ട് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പുത്തൂര്‍ റഹ്‌മാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയതും ചര്‍ച്ചയായി. ഘടകകക്ഷിയോട് മുഖം തിരിക്കുന്ന അവിവേകം യുഡിഎഫ് നേതൃത്വത്തില്‍ നിന്ന് ഉണ്ടാവരുത്. അര്‍ഹതയുണ്ടെന്ന് സമ്മതിച്ചും ലീഗിനെ പുകഴ്ത്തിയും സീറ്റ് തരാതിരിക്കുന്ന നിലപാട് കോണ്‍ഗ്രസ് ആവര്‍ത്തിക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വിമര്‍ശിച്ചു.