തിരുവനന്തപുരം : ആർഎസ്എസ് അനുകൂല പരാമർശത്തിൽ കെ സുധാകരൻ തിരുത്തണമെന്ന് കെ മുരളീധരൻ. ഖേദ പ്രകടനം കൊണ്ടായില്ലെന്നും ലീഗിനെ അടക്കം വിശ്വാസത്തിൽ എടുത്തുള്ള തിരുത്തൽ വേണമെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആർഎസ്എസ് അനുകൂല പ്രസ്താവനകൾ അനുചിതമാണ്. നെഹ്‌റുവിനെ കൂട്ടു പിടിച്ചത് തെറ്റായി. കെപിസിസി പ്രസിഡന്റ് എന്നാൽ പാർട്ടിയുടെ ശബ്ദമാണെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടായില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
നെഹ്റു ഒരിക്കലും ആർഎസ്എസിനോട് സന്ധി ചെയ്തിട്ടില്ല. ആർഎസ്എസ് പ്രവർത്തനവും ഭാരതീയ ജനസംഖം രൂപീകരിച്ചതും മുതൽ ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യിക്കുന്നത് നെഹ്റുവാണ്. അങ്ങനെയിരിക്കെ ഇത്തരമൊരു പ്രസ്താവന കോൺഗ്രസിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങഅങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. അതിനാൽ ഈ പ്രസ്താവന കോൺഗ്രസിനും യുഡിഎഫിനും ക്ഷീണമാണ്. അത് പാർട്ടി ചർച്ച ചെയ്യും. പാർട്ടിയുടെ അവസാന വാക്കാണ് അധ്യക്ഷൻ എന്നിരിക്കെ സുധാകരൻ ജാഗ്രത പുലർത്തേണ്ടതായിരുന്നു.
ലീഗുമായി ചർച്ച ചെയ്ത് അവരുടെ തെറ്റിദ്ധാരണകൾ അകറ്റി യുഡിഎഫ് ശക്തമായി മുന്നോട്ട് പോകണം. ഈ രണ്ടാഴ്ചകളായി നടത്തിയ പ്രസ്താവനകൾ യുഡിഎഫിന് ക്ഷീണമായി. യാഥാർത്ഥ്യങ്ങളെ കാണാതിരുന്നുകൂട. സുധാകരന്റെ പരാമർശങ്ങൾ നിക്ഷ്പക്ഷമതികൾക്കിടയിലും സാധാരണ ജനങ്ങൾക്കിടയിലും കോൺഗ്രസിനോടുള്ള മതിപ്പിൽ കോട്ടമുണ്ടാക്കിയെന്നും മുരളീധരൻ പറഞ്ഞു.