വ്യക്തിപരമായ കാര്യം, ലൂര്‍ദ് പള്ളി കിരീടം വിവാദമാക്കേണ്ട കാര്യമില്ല; കെ മുരളീധരന്‍

കോഴിക്കോട്: തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ കിരീടം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. വ്യക്തിപരമായ കാര്യം ആണത്. ലൂര്‍ദ് പള്ളി കിരീടം വിവാദമാക്കേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇത് സംബന്ധിച്ച ആക്ഷേപത്തില്‍ സുരേഷ് ഗോപിയും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വിജയശേഷം പത്ത് ലക്ഷം രൂപയുടെ കിരീടം മാതാവിന് നല്‍കും. അന്ന് ഉരച്ചു നോക്കട്ടെ. അതില്‍ വൈരക്കല്ലുണ്ടാവും. താന്‍ നല്‍കിയ കിരീടം സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ മറ്റ് പാര്‍ട്ടിക്കാര്‍ക്ക് എന്ത് അധികാരമാണുള്ളത്. തന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകിട്ട് തൃശ്ശൂരിലെത്തിയ സുരേഷ് ഗോപി നഗരത്തില്‍ റോഡ് ഷോയോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. തൃശ്ശൂരില്‍ സിപിഎം- ബിജെപി വോട്ടു കച്ചവടം ഉണ്ടാകുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു.ഇതിന്റെ ഭാഗമായി ബിജെപി ദുര്‍ബലരെ ഇറക്കി.വി. മുരളീധരനും സുരേഷ് ഗോപിയും ഒഴികെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ദുര്‍ബലരാണ്.ബിജെപി ക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം സിപിഎം ഉണ്ടാക്കുന്നു.തൃശൂരില്‍ സിപിഎം ബിജെപിയെ സഹായിക്കും.പകരം ബിജെപി വോട്ടുകള്‍ സിപിഎമ്മിന് മറിയുമെന്നും അദ്ദേഹം ആരോപിച്ചു.

Top