തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കോടതി വിധി കെ.എം.മാണിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായിട്ടാണ് കണക്കാക്കുന്നതെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഈ കോടതി വിധികൊണ്ടൊന്നും മാണിയെ തള്ളിപ്പറയാന്‍ യുഡിഎഫ് തയാറാകില്ല. അദ്ദേഹം യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും തങ്ങളുടെ സഹപ്രവര്‍ത്തകനാണെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ബാര്‍ ഉടമ ബിജു രമേശ് പറഞ്ഞു. സത്യം തെളിഞ്ഞെന്നും കോടതി വിധി ജനങ്ങള്‍ക്കുള്ള സമ്മാനമാണെന്നും ബിജു രമേശ് അഭിപ്രായപ്പെട്ടു. ഇത്രയധികം സ്വാധീനങ്ങള്‍ ഉപയോഗിച്ചിട്ടും മാണിക്ക് കേസ് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. കോടതി വിധിയില്‍ തനിക്ക് വലിയ ചാരിതാര്‍ഥ്യമുണ്ട്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പോലും മാണിക്ക് വേണ്ടിയാണ് കോടതിയില്‍ വാദിച്ചത്. എന്നിട്ടും മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തള്ളിയെങ്കില്‍ കുറ്റം കോടതിക്കും ബോധ്യപ്പെട്ടു കാണുമെന്നും ബിജു രമേശ് വ്യക്തമാക്കി.
തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.
പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണു കേസ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.
2014 ഡിസംബര്‍ പത്തിനായിരുന്നു മാണിയെ പ്രതിയാക്കി കൊണ്ട് ബാര്‍ കോഴക്കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ബാറുടമ ബിജു രമേശ് നടത്തിയ ആരോപണത്തെ തുടര്‍ന്നായിരുന്നു കേസ്. യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സിന്റെ നിലപാട്.
ഇത് മൂന്നാമത്തെ പ്രാവശ്യമാണ് വിജിലന്‍സ് മാണിക്ക് ക്ലീന്‍ ചിററ് നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കില്‍ നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കണമെന്നുമായിരുന്നു കേസില്‍ കക്ഷി ചേര്‍ന്നവരുടെ ആവശ്യം.
വി.എസ്.അച്യുതാനന്ദന്‍, ആരോപണം ഉന്നയിച്ച ബിജു രമേശ്, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, വി.മുരളീധരന്‍ എംപി എന്നിവരാണ് ഇക്കാര്യം കോടതില്‍ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി വേണമെന്ന ഭേദഗതി അഴിമതി നിരോധന നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്നത്.
ഇതോടെ കോടതിയില്‍, ബാര്‍ കോഴക്കേസില്‍ പുതിയ നിയമഭേഗതി ബാധമാണോയെന്ന കാര്യത്തിലായി വാദം. ഭേദഗതി ബാര്‍ കേസില്‍ ബാധകമാവില്ലെന്നാണ് മാണിക്കെതിരെ കക്ഷി ചേര്‍ന്നവര്‍ വാദിച്ചത്.