കൊല്ലം: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് കൊല്ലം ജില്ലയില്‍ വന്‍ വരവേല്‍പ്പ്. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി മുക്കടയില്‍ കെപിസിസി, ഡിസിസി ഭാരഹികള്‍ ചേര്‍ന്നാണ് ജാഥയെ സ്വീകരിച്ചത്. കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ജാഥയെ ചാത്തന്നൂരിലേക്ക് ആനയിച്ചു. രാവിലത്തെ യാത്ര ചാത്തന്നൂരില്‍ സമാപിച്ചു. കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ വൈകിട്ട് ചാത്തന്നൂരില്‍ ആരംഭിക്കുന്ന പദയാത്രയെ അനുഗമിക്കും.
ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കാന്‍ എല്‍ഡിഎഫിനെ ബിജെപി മുന്നില്‍ നിര്‍ത്തിയിരിക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയൊ, കെ സി വേണുഗോപാലൊ സിപിഎമ്മിനെയോ സര്‍ക്കാരിനെയോ വിമര്‍ശിച്ചിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു. വൈകുന്നേരം നാല് മണിക്ക് ചാത്തനൂരില്‍ ആരംഭിക്കുന്ന യാത്ര വൈകിട്ട് പള്ളിമുക്കില്‍ സമാപിക്കും. എംഎല്‍എമാരായ ടി സിദ്ദിഖ്, പിസി വിഷ്ണുനാഥ്, സി ആര്‍ മഹേഷ് എന്നിവരും സന്നിഹിതരായിരുന്നു.