തിരുവനന്തപുരം: ഒന്നും രണ്ടും തരംഗത്തില്‍ എടുത്ത മുന്‍കരുതല്‍ പോലും മൂന്നാം തരംഗത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് കെ മുരളീധരന്‍ എംപി. കൊവിഡ്19 വ്യാപനം ഉണ്ടെങ്കിലും ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറയുന്നത് ഭാഗ്യമുള്ളവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തും എന്ന അര്‍ത്ഥത്തിലാണെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.
ആശുപത്രിയിലെ രോഗികളുടെ എണ്ണം കണക്കാക്കിയിട്ടാണ് ഭയപ്പെടേണ്ടതില്ലെന്ന് പറയുന്നത്, എന്നാല്‍ ആളുകള്‍ പ്രവേശിക്കാത്തതല്ല, മറിപ്പ് പ്രവേശിപ്പിക്കാത്തതാണെന്നും എംപി വിമര്‍ശിച്ചു. പല രോഗികളും ആശുപത്രിയില്‍ എത്തിയാല്‍ അഡ്മിറ്റാക്കാതെ മരുന്ന് കൊടുത്ത് പറഞ്ഞു വിടുകയാണെന്ന് മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ ഫോണില്‍ കിട്ടുന്നത്രയും പോലും ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും എംപി വിമര്‍ശിച്ചു. ഒന്നുകില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യില്ല, അല്ലെങ്കില്‍ ഔട്ട് ഓഫ് കവറേജ് ആണെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്തേക്ക് പോകുമ്പോള്‍ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കണം.
ഇപ്പോള്‍ കേരളം നാഥനില്ലാത്ത കളരിയാണ്. രാഷ്ട്രീയ രംഗത്ത് പോലും അനുഭവ സമ്പത്തില്ലാത്ത ആരോഗ്യമന്ത്രിയെ സാധാരണഗതിയില്‍ സഹായിക്കാന്‍ പോലും ആരുമില്ല, നേരത്തെ മുഖ്യമന്ത്രി എല്ലാം നേരിട്ട് കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ ആരോട് പറയാനാണെന്നും കൈമലര്‍ത്തിക്കൊണ്ട് എംപി ചോദിച്ചു.
സംസ്ഥാനത്ത് അടിയന്തിരമായി ചികിത്സാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കണം, ആളുകളുടെ ക്വാറന്റൈന്‍ സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണം, കൊവിഡ് സ്ഥിരീകരിച്ച് 7 ദിവസം കഴിഞ്ഞ് പരിശോധിക്കാതെ പുറത്തിറങ്ങുന്ന രീതി ഒഴിവാക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. അടിയന്തിരമായി ജനങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് എത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് ഇല്ലാത്തതിനാല്‍ കിറ്റ് ഇല്ല, തദ്ദേശ സ്ഥാപനങ്ങളൊക്കെ സാമ്പത്തിക പ്രയാസത്തില്‍പ്പെട്ട് കുത്തുവാളെടുത്തിരിക്കുകയാണെന്നും വിമര്‍ശിച്ചു.