വാതില്‍ തുറന്നിട്ട് കോണ്‍ഗ്രസ്; ചെറിയാന്റെ വരവ് പാര്‍ട്ടിക്ക് കരുത്ത് പകരുമെന്ന് മുരളീധരന്‍

കോഴിക്കോട്: ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസില്‍ വരുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് കെ.മുരളീധരന്‍ എംപി. തീരുമാനം എടുക്കേണ്ടത് ചെറിയാന്‍ ഫിലിപ്പാണെന്നും മുരളീധരന്‍ പറഞ്ഞു.

‘ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസിലേക്ക് വരുന്നത് സന്തോഷമാണ്. അദ്ദേഹത്തിന് എന്റെ പിതാവുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അവസാനകാലത്ത് പിതാവിനെ പലരും കൈവിട്ടപ്പോള്‍ ചെറിയാന്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ചെറിയാന്റെ വരവ് തീര്‍ച്ചയായും കോണ്‍ഗ്രസിന് കരുത്ത് പകരും. എന്നാല്‍ തീരുമാനം അദ്ദേഹത്തിന്റേതാണെന്ന് മുരളീധരന്‍ വ്യക്തമാക്കി.

സിപിഎമ്മിനോടും സര്‍ക്കാരിനോടുമുള്ള അകല്‍ച്ച വ്യക്തമാക്കിയ ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. കോണ്‍ഗ്രസ് നേതൃത്വവും അദ്ദേഹവുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം. എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ചെറിയാനുമായി സംസാരിച്ചു.

Top