തിരുവനന്തപുരം: ലോ അക്കാദമിക്ക് പുതിയ പ്രിന്‍സിപ്പലിനെ തേടിയുള്ള പത്രപരസ്യം മാനേജ്‌മെന്റിന്റെ കുതന്ത്രമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
ആളെ പറ്റിക്കുന്ന പരസ്യമാണെന്നും എത്ര കാലത്തേക്കാണ് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ലോ അക്കാദമി ഭൂമി സംബന്ധിച്ച പ്രശ്‌നത്തേക്കാള്‍ പ്രിന്‍സിപ്പലിനെ മാറ്റുന്നതാണ് പ്രധാന വിഷയം. ഇത് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമല്ല. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഇടതുമുന്നണി യോഗത്തില്‍ എന്തെങ്കിലും ചര്‍ച്ച നടന്നാലായെന്നും മുരളീധരന്‍ പറഞ്ഞു.
ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ പുതിയ പ്രിന്‍സിപ്പലിനെ തേടി ലോക അക്കാദമി മാനേജ്‌മെന്റ് പരസ്യം നല്‍കിയിരുന്നു. എന്നാല്‍, പ്രിന്‍സിപ്പലിന്റെ കാലാവധിയെ കുറിച്ചോ സ്ഥിരനിയമനമാണെന്നോ പരസ്യത്തില്‍ പറയുന്നില്ല.
പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നേരത്തെ ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.
ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് പരസ്യം നല്‍കിയത്. അക്കാദമി ഡയറക്ടര്‍ എന്‍.നാരായണന്‍ നായരാണ് പരസ്യം നല്‍കിയിരിക്കുന്നത്.