കോഴിക്കോട്: കെ എം മാണി യുഡിഎഫിലേക്ക് വരികയോ വരാതിരിക്കുകയോ ചെയ്യട്ടെയെന്ന് കെ മുരളീധരന്‍ എംഎല്‍എ.
എല്ലാം പതുക്കെ മതി. ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും കോണ്‍ഗ്രസ്സ് ജയിക്കും. ഇനി എന്ത് ധൈര്യത്തിലാണ് ഇവരെ ജയിപ്പിക്കുക ജയിച്ച് കഴിഞ്ഞാല്‍ മോദിയുടെ കൂടെ പോവില്ലെന്ന് എന്താണ് ഉറപ്പ് മുരളി ചോദിച്ചു.
കേരള കോണ്‍ഗ്രസുകാരെ തോല്‍പ്പിക്കാന്‍ ബറ്റാലിയനുകളെ ഇറക്കിയെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ജയിപ്പിക്കാന്‍ തന്നെ ഇവിടെ കാശില്ല. ഈ സാഹചര്യത്തിലാണോ തോല്‍പ്പിക്കാന്‍ പണം മുടക്കേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു.
യുഡിഎഫില്‍ നിന്നും ഇനി ആരും പോകില്ല. പോയവരുടെ ഗതി എന്താകുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചരിത്രം പറയുന്നവര്‍ പിടി ചാക്കോയെ മാത്രമല്ല, കെഎം ജോര്‍ജിനെ കൂടി ഓര്‍ക്കുന്നത് നല്ലതാണ്. കെഎം ജോര്‍ജിന്റെ ശാപമാണ് ഇപ്പോള്‍ മാണിക്ക് കിട്ടിയിരിക്കുന്നത്. നല്ല ക്രൈസ്തവരെന്ന് മേനിനടിക്കുന്നവര്‍ ഇപ്പോള്‍ വര്‍ഗീയവാദികളുമായി കൂട്ടുചേരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തനിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവിടത്തെന്നെ വോട്ടുചെയ്യുകയും ചെയ്ത എം.എം. ജേക്കബ് പാലായില്‍ മാണിയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമാണ്.
രണ്ടാഴ്ച മുമ്പുവരെ ഒരുപരാതിയും ഉന്നയിക്കാതിരുന്ന മാണി, അതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും മിണ്ടാതാവുകയും ചെയ്തത് രാഷ്ട്രീയമര്യാദയല്ല. മൂന്ന് പാര്‍ട്ടികളോടും സമദൂരമെന്ന് പറയുമ്പോഴും വര്‍ഗീയപാര്‍ട്ടിയായ ബിജെപിയോട് മാണി സ്‌നേഹം കാണിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
കെ കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.