തിരുവനന്തപുരം : സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന തുടരുന്നു. സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പും കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5600 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. കേരളം ആവശ്യപ്പെട്ടത് 7437.61 കോടി രൂപയാണ്. എന്നാൽ കേന്ദ്രം അനുവദിച്ചത് 1838 കോടി രൂപ മാത്രമാണ്.
ഈ വർഷം ആകെ കടമെടുപ്പ് അനുവാദം 45,689. 61 കോടിയായിരുന്നു. ഇതിൽ 32,442 കോടി പൊതുവിപണിയിൽ നിന്ന് കടമെടുക്കാമെന്ന് സാമ്പത്തിക വർഷം ആദ്യം കേന്ദ്രം സമ്മതിച്ചിരുന്നു. 14,400 കോടിയുടെ കടം നബാർഡ്, ദേശീയ സമ്പാദ്യ പദ്ധതി ഉൾപ്പെടെ സ്രോതസ്സുകളിൽ നിന്നാണ്.
ഡിസംബർ വരെ പൊതുവിപണിയിൽ നിന്ന് 23,852 കോടി രൂപയുടെ കടമെടുപ്പിന് അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് ബാക്കി 7437.61 കോടി രൂപയുടെ കടമെടുപ്പിനുള്ള അനുമതിയാണ് സംസ്ഥാനം തേടിയത്. കേന്ദ്രത്തിന്റെ അവഗണനയെ തുടർന്ന് സംസ്ഥാനത്തിന്റെ അവസാനപാദ പ്രവർത്തനങ്ങളെല്ലാം അവതാളത്തിലാകും. സെപ്തംബർ മുതലുള്ള ക്ഷേമ പെൻഷൻ നൽകേണ്ടതുണ്ട്. വർഷാന്ത്യ ചെലവുകളും വലിയ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.