തിരുവനന്തപുരം: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്കിലൂടെ (കെഫോണ്‍) പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി നല്‍കുന്നു. 1,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു മേയ് 31നു ചേരുന്ന കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) യോഗത്തില്‍ ഭരണാനുമതി നല്‍കും.
കിഫ്ബിയാണു പദ്ധതിക്കായി പണം കണ്ടെത്തുന്നത്. 18 മാസം കൊണ്ടു പദ്ധതി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. നിശ്ചിത വരുമാന പരിധിക്കു താഴെയുള്ളവര്‍ക്കു സൗജന്യമായും അല്ലാത്തവര്‍ക്കു കുറഞ്ഞ ചെലവിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കും. തുടക്കത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.
കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്കു സമാന്തരമായി സൃഷ്ടിക്കുന്ന പുതിയ ഒപ്റ്റിക്കല്‍ ഫൈബര്‍ പാതയിലൂടെയാണ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. നിശ്ചിത സമയത്തേക്കായിരിക്കും ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുക. ഇതിനായി കെഎസ്ഇബിയും ഐടി വകുപ്പും പാത കടന്നുപോകേണ്ട സ്ഥലങ്ങളില്‍ പരിശോധന നടത്തി സ്ഥലങ്ങളുടെ പ്രാഥമിക രൂപരേഖ തയാറാക്കിയിട്ടുണ്ട്.