തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഇന്‍റർനെറ്റ് പദ്ധതിയായ കെ ഫോണിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 5ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യ ഘട്ട കണക്ഷൻ.
തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം,പത്തനംതിട്ട,തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ കണക്റ്റിവിറ്റി ലഭിക്കുക. ഇവയിൽ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ,പൊലീസ് സ്റ്റേഷനുകൾ, തദ്ദേശസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ഡാറ്റാ സെന്‍ററുകൾ, കളക്ടറേറ്റുകൾ എന്നിവ ഉൾപ്പെടും.
ജൂലൈ മാസത്തോടെ കെ ഫോൺ പ്രവർത്തനം സംസ്ഥാനവ്യാപകമാക്കും. 35000 കിലോ മീറ്റർ ഓപ്റ്റിക്കൽ ഫൈബർ നെറ്റ്‍വർക്കാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കൊച്ചി ഇൻഫോ പാർക്ക് തപസ്യയിലാണ് നെറ്റ്‍വർക്ക് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഒരിക്കലും ഇന്‍റർനെറ്റ് തടസ്സം നേരിടാത്ത റിങ് ആർക്കിടെക്ചർ സംവിധാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് കീഴിൽ ജില്ലകളിലെ ഉപയോക്താക്കളെ ബന്ധിപ്പിച്ച് ആക്സസ് നെറ്റ്‍വർക്ക് സജ്ജമാക്കും.