നവകേരളത്തിന് വേണ്ടിയാണ് മുളകുപൊടി ഏറ്റുവാങ്ങിയത്, ഞാന്‍ ബിന്ദുവിനോടൊപ്പം

ബരിമല സന്ദര്‍ശനത്തിനായി ഇന്നലെ എത്തിച്ചേര്‍ന്ന ബിന്ദു അമ്മിണിക്ക് നേരെ ഉണ്ടായ മുളക് സ്‌പ്രേ പ്രയോഗത്തില്‍ നിലപാട് വ്യക്തമാക്കി എഴുത്തുകാരി കെ.ആര്‍ മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്ത്രീ വിരുദ്ധതയുടെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടില്‍ യാതൊരു വ്യത്യാസവുമില്ലെന്നും അതിക്രമികളുടെ സംഘബോധവും വര്‍ഗബോധവും എടുത്തുപറയേണ്ടതാണെന്നും മീര ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
നാലു വോട്ടോ, നാലു പേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നെങ്കില്‍ ബിന്ദു അമ്മിണിക്ക് നാമം ജപിച്ചു നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു. നവകേരളത്തിന് വേണ്ടിയാണ് ബിന്ദു മുളകുപൊടി ഏറ്റുവാങ്ങിയത്. ഞാന്‍ ബിന്ദുവിനോടൊപ്പമെന്നും മീര വ്യക്തമാക്കി.

മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

എടുത്തു പറയേണ്ടത് അതിക്രമികളുടെ സംഘബോധവും വര്‍ഗ്ഗസ്‌നേഹവുമാണ്. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ല. അതിക്രമം അതിക്രമമല്ല, അനിവാര്യതയാണെന്ന് അവര്‍ വാദിച്ചു കൊണ്ടിരിക്കും. തുല്യനീതി എന്ന ആശയത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ അവര്‍ ഇനിയും മുളകുപൊടി വിതറും.
മുളകുപൊടി ഇരന്നു വാങ്ങിയതാണെന്നും അതിനു മഹാകുളിര്‍മയാണെന്നും ഇതെല്ലാം നാടകമാണെന്നും വാദിച്ചു കൊണ്ടിരിക്കും.
ഈ സംഘബോധവും വര്‍ഗ്ഗസ്‌നേഹവും ഇരകള്‍ക്കും അതിജീവിതര്‍ക്കും ഇല്ല. അത് ഉണ്ടാകും വരെ അതിക്രമികള്‍ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ക്ക് രാഷ്ട്രീയവും മതപരവും സദാചാരപരവുമായ കാരണങ്ങള്‍ ചികഞ്ഞെടുത്തു കൊണ്ടിരിക്കും. നാലു വോട്ടോ നാലു പേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദു അമ്മിണിക്ക് നാമം ജപിച്ചു നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു. അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്.

ഞാന്‍ ബിന്ദുവിനോടൊപ്പമാണ്.

Top