ഡൽഹി: സിപിഎം പാർട്ടി കോൺഗ്രസ്സ് ചൊവ്വാഴ്ച കണ്ണൂരിൽ നടക്കാനിരിക്കെ, ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരുമെന്ന കാര്യം ഉറപ്പായി. നേതൃതലത്തിൽ ഇക്കാര്യത്തിൽ ഏകദേശ ധാരണയായതായാണ് ലഭിക്കുന്ന സൂചന. കണ്ണൂരിൽ ചേരുന്ന പി.ബി യോഗത്തിൽ കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പാനൽ അവതരിപ്പിക്കുകയും തുടർന്ന് പാർട്ടി കോൺഗ്രസ്സ് അത് അംഗീകരിക്കുകയും ചെയ്ത ശേഷമാണ് പി.ബി അംഗങ്ങളെ സംബന്ധിച്ച് ധാരണയുണ്ടാക്കുക. നിലവിലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാണ് പാനൽ അവതരിപ്പിക്കുക.
കേരളത്തിൽ നിന്നും പുതുതായി എ വിജയരാഘവൻ, കെ രാധാകൃഷ്ണൻ, എ.കെ ബാലൻ എന്നിവരിൽ ഒരാൾ പി.ബിയിൽ എത്താനാണ് സാധ്യത. ദളിത് പ്രാതിനിത്യം ഇത്തവണ പി.ബിയിൽ ഉണ്ടാകുമെന്ന യെച്ചൂരിയുടെ ഉറപ്പാണ്, കെ രാധാകൃഷ്ണന്റെയും എ.കെ ബാലന്റെയും സാധ്യത വർദ്ധിപ്പിക്കുന്നത്. ദളിത് പ്രാതിനിത്യം കേരളത്തിൽ നിന്നും ഉണ്ടാകണമെന്ന് തീരുമാനിച്ചാൽ, എ.കെ ബാലനേക്കാൾ സാധ്യത, ചെറുപ്പമായ കെ രാധാകൃഷ്ണനു തന്നെയാണ്.
നിലവിൽ കേരളത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ , കോടിയേരി ബാലകൃഷണൻ, എം.എ ബേബി, എസ് രാമചന്ദ്രൻ പിള്ള എന്നിവരാണ് പി.ബിയിൽ ഉള്ളത്. ഇതിൽ എസ് രാമചന്ദ്രപിള്ളയും ബേബിയും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായി ഡൽഹിയിൽ പ്രവർത്തിക്കുന്നവരാണ്.ഇതിൽ രാമചന്ദ്രപിള്ള ഇത്തവണ പി.ബിയിൽ നിന്നും ഒഴിവാക്കപ്പെടും. പകരം കേരളത്തിൽ നിന്നു തന്നെ ആളെ ഉൾപ്പെടുത്താനാണ് നേതൃത്വത്തിലെ ധാരണ.
വിശാഖപട്ടണത്ത് പാർട്ടി കോൺഗ്രസ് നടന്നപ്പോള്‍ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി എത്തിയതെങ്കിൽ. ഇത്തവണ ഐക്യകണ്ഠേന തന്നെ യെച്ചൂരിയും തുടരും. കഴിഞ്ഞ തവണ രാമചന്ദ്രൻ പിള്ളയുടെ പേരും ശക്തമായി ഉയർന്നെങ്കിലും, ഒടുവിൽ അവസാന ദിനം യെച്ചൂരിക്ക് നറുക്ക് വീഴുകയാണ് ഉണ്ടായത്.ഇത്തവണ കണ്ണൂരിൽ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് തർക്കം ഉണ്ടാവില്ലന്നത് കേരള നേതാക്കളും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമബംഗാൾ, ത്രിപുര, ആന്ധ്ര, തമിഴ്നാട്, ജമ്മു കശ്മീർ , ഹരിയാന, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കളും യെച്ചൂരി തന്നെ തുടരണമെന്ന നിലപാടിലാണുള്ളത്.
പോളിറ്റ് ബ്യൂറോയിൽ നിന്ന് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ എസ്.രാമചന്ദ്രൻ പിള്ള ഉൾപ്പെടെ, നാലു നേതാക്കളാണ് ഒഴിവാകുന്നത്. ഇതിൽ സീനിയർ നേതാക്കളായ ഹന്നൻ മൊള്ള, ബിമൻ ബസു, സൂര്യകാന്ത് മിശ്ര എന്നിവരും ഉൾപ്പെടും. ഇവരെ കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കാനാണ് സാധ്യത. സി.പി.എം സ്ഥാപക നേതാവ് എന്ന നിലയിൽ വി.എസ് അച്ചുതാനന്ദനും കേന്ദ്ര ക്ഷണിതാവായി കമ്മറ്റിയിൽ ഇടംപിടിക്കും.കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളുൾപ്പെടെ 18 പേരാണ് കേരളത്തിൽനിന്നുള്ളത്. ഇതിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ, എ.കെ.ബാലൻ, എം.വി.ഗോവിന്ദൻ, ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി, ടി.എം.തോമസ് ഐസക്, എളമരം കരീം, കെ.രാധാകൃഷ്ണൻ, എം.എ.ബേബി എന്നിവരുടെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല.
അതേസമയം, പുതുതായി കേന്ദ്ര കമ്മിറ്റിയിൽ എത്താൻ സാധ്യത ഉള്ളവരിൽ മൂന്നു മന്ത്രിമാരും ഉൾപ്പെടും. പി. രാജീവ്, കെ.എൻ ബാലഗോപാൽ, മുഹമ്മദ് റിയാസ് എന്നിവരാണിവർ.75. വയസ്സ് എന്ന പരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് ഇളവു നൽകുക. ഇതോടെ, പ്രായപരിധിയിൽ തട്ടി വൈക്കം വിശ്വൻ, പി കരുണാകരനും തെറിക്കും, എം.സി ജോസഫൈനും മാറാനാണ് സാധ്യത. പശ്ചിമ ബംഗാൾ, ത്രിപുര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ചെറുപ്പക്കാർ ഉൾപ്പെടെ ഇത്തവണ കമ്മിറ്റിയിൽ ഇടംപിടിക്കും. അഖിലേന്ത്യാ കിസാൻസഭ നേതാവും മലയാളിയുമായ പി.കൃഷ്ണപ്രസാദിനെ കേന്ദ്ര ‘ക്വാട്ട ‘യിൽ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താനും സാധ്യത ഏറെയാണ്.