തൃശൂര്‍: കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനെതിരെ കടുത്ത വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ. കമ്മീഷന്‍ അടിച്ചു മാറ്റാനുള്ള ചതിപ്പാതയാണ് കെ റെയില്‍ പദ്ധതിയെന്ന് കെ കെ രമ തുറന്നടിച്ചു. മുതലാളിമാര്‍ക്ക് ചീറി പായാന്‍ ദരിദ്ര ജനങ്ങളുടെ ഹൃദയത്തിലേക്ക് സര്‍വ്വേ കുറ്റി കുത്തിയിറക്കുകയാണെന്നും അവര്‍ പറഞ്ഞു.
സമരങ്ങളിലൂടെ വളര്‍ന്ന് വന്ന പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ സമരം ചെയ്യുന്നവരെ പരിഹസിക്കുകയാണ്. പദ്ധതിയെ കുറിച്ച് പൗരന്മാര്‍ക്ക് പകരം പൗര പ്രമുഖരോട് മാത്രമാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
നഷ്ടപരിഹാരം കൊണ്ട് പദ്ധതിക്കെതിരെയുള്ള സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും അവര്‍ പറഞ്ഞു. ആര്‍എംപി, ആം ആദ്മി പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് ജില്ലയില്‍ സമര സമിതി രൂപീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനകളുടെ തീരുമാനം. കെ റെയില്‍ പദ്ധതിക്കെതിരെ താഴേത്തട്ടില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്.