കെ റെയില്‍; വിമര്‍ശനങ്ങളെ ഗൗരവമായി കാണുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കെ റെയിലില്‍ സര്‍ക്കാര്‍ ഡിപിആര്‍ മുറികെ പിടിക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍. വിമര്‍ശനങ്ങളെ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശത്തിലൂടെ കെ റെയില്‍ കടന്നുപോകില്ല. ഇതിന്റെ ഭാഗമായി നടക്കുന്ന നാട് രണ്ടായി വിഭജിച്ച് പോകും എന്നതടക്കമുള്ള ആരോപണങ്ങള്‍ ഡിപിആര്‍ പുറത്തുവന്നതിലൂടെ മനസ്സിലായിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കെ റെയില്‍ കടന്നുപോകുന്ന ഓരോ 500 മീറ്ററിലും ആളുകള്‍ക്ക് കടന്നുപോകുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. അടിപ്പാതയോ, മേല്‍പ്പാതയോ ഒരുക്കിയാകും ക്രമീകരണങ്ങള്‍. പാരിസ്ഥിതികമായ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാവില്ലെന്ന് മാത്രമല്ല, 2, 80000 ടണ്‍ കര്‍ബണ്‍ പുറന്തള്ളുന്നത് തടയാനും ഇതുവഴി സാധിക്കും.കൃത്യമായി ഗ്രീന്‍ പ്രോക്കോക്കോള്‍ ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കെ റെയില്‍ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി തെറ്റിദ്ധരിക്കപ്പെട്ടവരുടെ തെറ്റിദ്ധാരണ മാറ്റി മുന്നോട്ടു പോകണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനും എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അതിനായി ഈ യോഗത്തിന് കഴിയണമെന്നും കെ റെയിലുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നടന്ന വിശദീകരണ യോഗത്തില്‍ സംസാരിക്കവെ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top