അറ്റകുറ്റപണിക്ക് മാത്രം 542 കോടി, ശമ്പളം നല്‍കാന്‍ 271 കോടി; കെ റെയില്‍ പദ്ധതി രേഖ പുറത്ത്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖയും പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടും പുറത്ത്. അറ്റകുറ്റപണിക്ക് മാത്രം 542 കോടി ചെലവാകുമെന്ന് 238 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി രേഖയുടെ വിശദാംശങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

കെ റെയില്‍ പദ്ധതിയുടെ നടത്തിപ്പിനും പരിപാലനത്തിനുമായി കോടികള്‍ ചെലവാകുമെന്നാണ് പദ്ധതി രേഖയില്‍ പറയുന്നത്. ആദ്യ പത്ത് വര്‍ഷം അറ്റകുറ്റപണിക്ക് മാത്രം 542 കോടി വീതവും പിന്നീട് 694 കോടി വീതവും റിപ്പോര്‍ട്ട്. ഇന്ധനമായി ഉപയോഗിക്കുന്ന സൗരോര്‍ജം വാങ്ങാനും കോടികളുടെ ചെലവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അയ്യായിരത്തോളം ജീവനക്കാര്‍ ശമ്പളം നല്‍കാന്‍ 271 കോടി രൂപയാണ് വേണ്ടത്. ശരാശി വാര്‍ഷിക ശമ്പളം എട്ട് ലക്ഷം രൂപയാകും.

പാലം കടന്നുപോകുന്നതില്‍ ഭൂരിഭാഗം പ്രദേശങ്ങളും പാടങ്ങളാണെന്ന് പാരിസ്ഥിതിക ആഘാത പഠനത്തില്‍ പറയുന്നു. പാടശേഖരങ്ങളിലും, കൃഷിയിലും ഇത് ചെറിയ മാറ്റം വരുത്തും. കാര്‍ഷിക ഉത്പന്നങ്ങളുടെ ഉദ്പാദനം കുറയുന്നതിനും കെ റെയില്‍ പദ്ധതി ഇടയാക്കും. ഒപ്പം ഭൂമിയുടെ സ്വഭാവത്തില്‍ ചെറിയ മാറ്റം സഭവിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പദ്ധതിയുടെ ഗുണങ്ങള്‍ക്കാണ് റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

Top