തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പ്രോജക്ടിനെതിരെ അതിശക്തമായ പോരാട്ടം പ്രഖ്യാപിച്ച് കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ട് പോകുമ്പോള്‍ മുതിര്‍ന്ന നേതാവ് ശശി തരൂരിന്റെ നിലപാട് പാര്‍ട്ടിയില്‍ കല്ലുകടിയാകുന്നു.
കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെന്ന അഭിനന്ദനം പിണറായി വിജയന് നല്‍കിയ തരൂര്‍, കെ റെയില്‍ പ്രോജക്ടിനെ ഇതുവരെയും പരസ്യമായി എതിര്‍ത്തിട്ടില്ല. മാത്രമല്ല സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ എടുത്ത് ചാടിയുള്ള പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്നും തരൂര്‍ പറഞ്ഞിരുന്നു. വ്യക്തിപരമായ നിലപാടാണ് ഇക്കാര്യത്തിലെന്ന് പറഞ്ഞ തരൂര്‍ കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും വേണമെന്നും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് രണ്ട് വശമുണ്ടെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
തരൂരിന്റെ പരസ്യ നിലപാടുകളില്‍ സംസ്ഥാന കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധങ്ങളും കനക്കുകയാണ്. രാവിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെ തരൂരിന്റെ നിലപാട് പാര്‍ട്ടി അന്വേഷിക്കുമെന്ന് വ്യക്തമാക്കി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരണം നടത്തി.
കെ റെയിലുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ നിലപാട് സംബന്ധിച്ച് പാര്‍ട്ടി അന്വേഷിക്കും. അദ്ദേഹത്തോട് വിശദീകരണം ചോദിക്കാതെ പ്രതികരിക്കുന്നത് ഉചിതമല്ല. ഈ വിഷയം പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യും. ശശി തരൂരിന്റെ നിലപാട് തെറ്റാണെങ്കില്‍ അത് തിരുത്താന്‍ അദ്ദേഹത്തോട് ആവശ്യപ്പെടും. അത് ശശി തരൂര്‍ ഉള്‍ക്കൊള്ളുമെന്നാണ് വിശ്വാസമെന്നും കെ സുധാകരന്‍ വിവരിച്ചു.
പാര്‍ട്ടിയെ അംഗീകരിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍. ഒരു പ്രസ്താവനയിലൂടെ വിലയിരുത്തപ്പെടേണ്ട ആളല്ല അദ്ദേഹം. കെ റെയിലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും വ്യക്തമായ നിലപാടുണ്ട്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഗുണകരവും ശരിയുമല്ലെന്നും സുധാകരന്‍ പറഞ്ഞു.