തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഏകോപ്പിപ്പിക്കാന്‍ ഉദ്യോഗസ്ഥനെ നിയമിച്ച് സര്‍ക്കാര്‍. കണ്ണൂര്‍ ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്നു അനില്‍ ജോസിനാണ് ചുമതല.
പദ്ധതി കടന്ന് പോകുന്ന പ്രദേശങ്ങളില്‍ സാമൂഹിക ആഘാത പഠനം നടത്തുന്നതിന് മുന്നോടിയായി കല്ലിട്ട് അതിര് രേഖപ്പെടുത്തുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും ഇടയിലും നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഏകോപ്പിപ്പിക്കാന്‍ ഉദ്യോഗസ്ഥനെ നിയമിച്ചു റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തേണ്ടത്.
11 ജില്ലകളിലൂടെ കടന്ന് പോകുന്ന പദ്ധതിക്കായി 1221 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. ഈ ജില്ലകളിലെല്ലാം സ്‌പെഷ്യല്‍ തഹസീല്‍ദാര്‍മാരെ നേരത്തെ നിയമിച്ചിരുന്നു. ഗ്രാമീണമേഖലയില്‍ ഭൂമി വിലയുടെ നാലിരട്ടിയും, നഗര മേഖലയില്‍ ഭൂമിയുടെ രണ്ടിരട്ടിയും നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.
പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ലെന്ന് കേന്ദ്രം അറിയിച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകുവാന്‍ ആയിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ട്.