തിരുവനന്തപുരം: ജനീകയ സമിതി സംവാദത്തില്‍ കെ റെയില്‍ പങ്കെടുക്കില്ല. ഏപ്രില്‍ 28 ന് കെ റെയില്‍ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നെന്നും ഇനി ബദല്‍ ചര്‍ച്ചകളല്ല തുടര്‍ ചര്‍ച്ചകളാണ് വേണ്ടതെന്നുമാണ് കെ റെയില്‍ വിശദീകരണം. ഏപ്രില്‍ 28 ലെ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകള്‍ തന്നെയാണ് ഈ ചര്‍ച്ചയിലും പങ്കെടുക്കുന്നത്. സെമിനാര്‍ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. പിന്മാറിയ പാനലിസ്റ്റുകള്‍ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചര്‍ച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല. ഈ കാരണങ്ങളാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് കെ റെയില്‍ വിശദീകരിക്കുന്നത്. ഭാവിയില്‍ ന്യായമായും സുതാര്യമായും ഇത്തരം ചര്‍ച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സര്‍ക്കാരും നടത്തും. അതിലേക്ക് എല്ലാവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായും കെ റെയില്‍ അറിയിച്ചു.