പുതിയൊരു ഡാം എന്ന നിര്‍ദ്ദേശത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍

പത്തനംതിട്ട: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം വന്നേ മതിയാകൂവെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. തമിഴ്‌നാടിന് ആവശ്യമുള്ള വെള്ളം കൊടുക്കാന്‍ കേരളം തയ്യാറാണെന്നും എന്നാല്‍ കേരളത്തിന്റെ സുരക്ഷയ്ക്കു വേണ്ടി മുല്ലപ്പെരിയാറില്‍ പുതിയൊരു ഡാം എന്ന നിര്‍ദ്ദേശത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.

അവസാനമായി ലഭിച്ച വിവരം അനുസരിച്ച് തമിഴ്‌നാട് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ചതായും അതിനാല്‍ തന്നെ കേരളത്തിലെ ജനങ്ങള്‍ വളരെയേറെ ശ്രദ്ധയോടെ ഇരിക്കേണ്ട ദിനങ്ങളാണ് വരുന്നതെന്നും മന്ത്രി പറഞ്ഞു.

പുതിയ ഡാം വേണമെന്ന് കേരളം ആവശ്യപ്പെടുന്നത് കേവലം വാശിയുടെ അടിസ്ഥാനത്തിലല്ല. ഇടുക്കിയിലേയും മുല്ലപ്പെരിയാറിലേയും കാച്ച്‌മെന്റ് ഏരിയ ഒരേ അളവിലുള്ളതാണ്. ഇടുക്കിയില്‍ 72 ടിം എം സി വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടെങ്കില്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് പണിതു പോയ മുല്ലപ്പെരിയാറില്‍ അത് കേവലം 19 ടി എം സി വെള്ളം മാത്രമാണ്, മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളം ഇടുക്കിയില്‍ എത്തിയാല്‍ പോലും 0.25 അടി മാത്രമേ അണക്കെട്ടിലെ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറക്കേണ്ടി വരും. മുല്ലപ്പെരിയാര്‍ ജലത്തിനൊപ്പം മഴ കൂടി ശക്തമായാല്‍ ഇടുക്കിയില്‍ നിന്ന് സെക്കന്റില്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

Top