സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം : കൊവിഡ് രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കൊവിഡ് തുടങ്ങും മുമ്പ് അടച്ചുപൂട്ടുകയെന്ന സമീപനം സര്‍ക്കാരിനില്ലെന്നും ശാസ്ത്രീയമായ സമീപനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

‘കൊവിഡ് മൂന്നാം തരംഗത്തിന്റെ വരവില്‍ സ്ഥിതി ഗുരുതരമാണ്. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ 40 ലേറെയാണ് ടിപിആര്‍. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമാണ്. 50 തിലേറെയാണ് തലസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതിവ്യാപനം ഒഴിവാക്കാനുള്ള ശ്രമം തന്നെയാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ അതിനര്‍ത്ഥം സമ്പൂര്‍ണ അടച്ചുപൂട്ടലല്ലെന്നും മന്ത്രി അറിയിച്ചു.

ഏറ്റവും ശാസ്ത്രീയമായി വിഷയത്തെ സമീപിക്കുകയാണ് സര്‍ക്കാറെന്നും മന്ത്രി രാജന്‍ ആവര്‍ത്തിച്ചു. എല്ലാ വകുപ്പുകളെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേത്. രണ്ടാം തരംഗത്തില്‍ സംഭവിച്ചത് പോലെ ഓക്‌സിജന്‍ ലഭ്യതക്ക് ഇതുവരെ പ്രതിസന്ധിയില്ല’.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് വൈകിട്ട് കൊവിഡ് മോണിറ്ററിംഗ് യോഗം ചേരുമെന്നും ജനങ്ങളുടെ ജാഗ്രതയും ബോധവത്ക്കരണവുമാണ് പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top