മത്സരം കോൺ​ഗ്രസും ബിജെപിയുമാണെന്ന ടി എൻ പ്രതാപന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ രാജൻ

തിരുവനന്തപുരം: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരം കോണ്‍ഗ്രസും ബിജെപിയുമാണെന്ന ടി എന്‍ പ്രതാപന്‍ എംപിയുടെ പ്രസ്താവനയില്‍ മറുപടിയുമായി റവന്യൂ മന്ത്രി കെ രാജന്‍. എംപി ഫീല്‍ഡിലില്ല. ഫീല്‍ഡില്‍ പോകാത്തതിന്റെ കുറവാണ് എംപിക്ക്. ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണ് എംപിയുടെ പ്രസ്താവന. തൃശ്ശൂര്‍ ലോക്സഭ മണ്ഡലത്തില്‍ സിറ്റിങ് എം പി ഇല്ലാത്തതുകൊണ്ടാണ് മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്ന പ്രസ്താവനയ്ക്ക് കാരണമെന്നും മന്ത്രി വിമര്‍ശിച്ച.

തൃശ്ശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതിനെയും ടി എന്‍ പ്രതാപന്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിക്ക് രണ്ടു ലക്ഷം പേരെ കൊണ്ടു വരുമെന്ന് പറഞ്ഞിട്ട് നടന്നില്ല. നാല്പതിനായിരം കസേരയാണ് ആകെയിട്ടത്. പരിപാടി വിജയിപ്പിക്കാനാവാത്തതിന്റെ നിരാശയാണ് ബിജെപിയില്‍ കാണുന്നതെന്നും എംപി പരിഹസിച്ചിരുന്നു.ആര്‍എസ്എസ് ഉള്‍പ്പടെയുള്ള ഭൂരിപക്ഷ വര്‍ഗീയതയ്ക്കും പിഎഫ്‌ഐ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വര്‍ഗീയതയ്ക്കുമെതിരാണ് കോണ്‍ഗ്രസ്. പണ്ട് കാലത്ത് തേജസ് പത്രത്തിന്റെ എഡിഷന്‍ എല്ലാ ജനപ്രതിനിധികള്‍ക്കും സൗജന്യമായി നല്‍കുന്ന ഫോട്ടോ കാണിച്ചുകൊണ്ടാണ് ബിജെപിയുടെ സംസ്ഥാന വക്താവ് വര്‍ഗീയ ഫാസിസവുമായി വന്നിരിക്കുന്നത്. ഫോട്ടോ കാണിച്ച് നിരോധിത സംഘടനകളുമായി ബന്ധമെന്ന് പറയുന്നത് പാപ്പരത്തമാണ്. തൃശ്ശൂരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ നോക്കേണ്ട അത് നടക്കില്ലെന്നും ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്നും ടി എന്‍ പ്രതാപന്‍ എംപി വ്യക്തമാക്കി.

തൃശ്ശൂരില്‍ മത്സരം യുഡിഎഫ്, എല്‍ഡിഎഫ് തമ്മില്‍ തന്നെയാണ്. കേരളത്തെ ഒറ്റപ്പെടുത്തുന്ന കേന്ദ്രത്തിനെതിരെയായി കേരളം വോട്ടു ചെയ്യും. കേരളത്തെ കഴുത്തു ഞെരിച്ച് കൊല്ലുന്ന കേന്ദ്രത്തിന് എതിരെ ജനവികാരം ഉയരുമെന്നും മന്ത്രി വ്യക്തമാക്കി. വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ ആല്‍മര ശിഖരം മുറിച്ചത് ശരിയല്ല. വടക്കുന്നാഥന്റെ ജഡ മുറിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top