തിരുവനന്തപുരം: ക്ഷീരകർഷകർക്ക് കന്നുകാലികളെ വിൽക്കുന്നതു തടയുന്ന ഒരു നീക്കത്തെയും അംഗീകരിക്കാനാവില്ലെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു.
എന്തു തരത്തിലുള്ള പ്രതിസന്ധിയുണ്ടായാലും ക്ഷീര കർഷകരെ സഹായിക്കുന്ന നടപടിയായിരിക്കും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
കന്നുകാലിക്കശാപ്പ് നിരോധിച്ചിട്ടില്ലെന്ന് കോടതി പറയുന്നുണ്ടെങ്കിലും കന്നുകാലികളുടെ വിൽപന നിരോധിച്ച നടപടി കർഷകരെ പ്രതികൂലമായി ബാധിക്കും. പലപ്പോഴും കശാപ്പിനായല്ല കർഷകർ വളർത്തുമൃഗങ്ങളെ വിൽപനയ്ക്കായി ചന്തയിൽ കൊണ്ടുപോവുന്നത്.
ബാങ്ക് ലോണ്‍ അടയ്ക്കാനാവാതെ ജപ്തി നേരിടുന്നവരും, രോഗം വന്ന് ചികിത്സയ്ക്ക് പണം തേടുന്നവരും, മകളുടെ കല്യാണത്തിന് പണം കണ്ടെത്താൻ ഓടിനടക്കുന്നവരുമൊക്കെയാണ് അത്യാവശ്യമായി വളർത്തുമൃഗങ്ങളെ വിൽക്കാനൊരുങ്ങുന്നത്.
അത്തരം അടിയന്തര സാഹചര്യങ്ങളിൽ പശുവിന്റെ ഐഡന്റിറ്റി തെളിയിക്കുന്ന സർട്ടിഫിക്കറ്റും വാങ്ങുകയും വിൽക്കുകയും ചെയ്യുന്നയാൾ കർഷകനാണെന്ന റവന്യൂ രേഖയുമൊക്കെ ഹാജരാക്കണമെന്നു പറയുന്നതു കർഷകരെ കഷ്ടപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.