തിരുവനന്തപുരം: കേരളത്തിന്റെ കരുത്തും, സൗന്ദര്യവും ലോകമൊട്ടാകെയുള്ള യുവാക്കളില്‍ എത്തിക്കുന്നതിനുള്ള മൊബൈല്‍ ഗെയിം കെ.റണ്‍ (കേരള എവലൂഷന്‍ റണ്‍) ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ലോഞ്ച് ചെയ്തു. പ്രശസ്തമായ റണ്‍ ഗെയിമുകളുടെ മാതൃകയിലാണ് കേരളീയം മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി ഗെയിം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പഴയകാല കേരളത്തില്‍ നിന്ന് ആധുനിക കേരളത്തിലേക്കുള്ള യാത്രയായാണ് ഗെയിമിന്റെ രൂപകല്‍പ്പന. ഗെയിമിന്റെ വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്തിന്റെ പഴയകാലവും, മധ്യകാലവും ആധുനിക കാലവും ചിത്രീകരിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി, കൊച്ചി മെട്രോ, വാട്ടര്‍മെട്രോ, വിമാനത്താവളം തുടങ്ങി ഗതാഗത മേഖലയുടെ ദൃശ്യവല്‍ക്കരണം ഗെയിമിലുണ്ട്. കേരളത്തിന്റെ നേട്ടങ്ങളും, അഭിമാന പദ്ധതികളും ഈ യാത്രയില്‍ കാഴ്ചകളായി അണിനിരക്കും. ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം തുടങ്ങി സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ മേഖലകള്‍ ഗെയിമിലെ യാത്രയില്‍ വന്നുപോകും. ആകര്‍ഷകമായ ത്രീ ഡി അസറ്റുകള്‍, വിഷ്വല്‍ എഫക്ട്സ്, സ്പേഷ്യല്‍ ഓഡിയോ തുടങ്ങിയവ ഗെയിമിനു മാറ്റുകൂട്ടുന്നു.
ഗെയിമിലെ നായക കഥാപാത്രത്തിന് ഈ ഓട്ടത്തിനിടെ കോയിനുകളും മറ്റു സമ്മാനങ്ങളും ശേഖരിക്കാം. ഓടിയും ചാടിയും വശങ്ങളിലേക്ക് തെന്നിമാറിയും തടസ്സങ്ങളും കെണികളും മറികടക്കാം. ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം നല്‍കിയാല്‍ ബോണസ് പോയിന്റുകള്‍ ലഭിക്കും. വിനോദത്തിലൂടെ വിജ്ഞാനം എന്നതാണ് ലക്ഷ്യം.
കേരളീയം എന്ന സങ്കല്‍പ്പത്തില്‍ ഊന്നിയാണ് നിലവില്‍ ഗെയിമെങ്കിലും ഭാവിയില്‍ സംസ്ഥാനത്തിന്റെ മറ്റു വികസന സന്ദേശങ്ങള്‍ ഉള്‍പ്പെടുത്താനാകും വിധമാണ് രൂപകല്‍പ്പന. ആന്‍ഡ്രോയ്ഡ്, വെബ് ആപ്ളിക്കേഷനുകളാണ് നിലവില്‍ പൂര്‍ത്തിയായത്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ ‘K-Run’ എന്നു സെര്‍ച്ച് ചെയ്ത് ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാം. വൈകാതെ ഐ.ഒ.എസ് പ്ലാറ്റ്ഫോമിലും ലഭ്യമാകും. ഇന്‍ഫിനിറ്റി റണ്ണര്‍ ഗെയിം ആയിട്ടാണ് കെ റണ്‍ രൂപകല്‍പ്പന. കേരളീയം മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മറ്റി സ്റ്റാര്‍ട്ട് അപ് കമ്പനിയായ എക്സ്.ആര്‍.ഹൊറൈസണുമായി ചേര്‍ന്നാണ് ഗെയിം ഡെവലപ്‌ചെയ്തത്.
കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, ഐ.ബി സതീഷ് എം.എല്‍.എ, മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. എക്സ്.ആര്‍.ഹൊറൈസണ്‍ സി.ഇ.ഒ ഡെന്‍സില്‍ ആന്റണി ഗെയിമിന്റെ സവിശേഷതകള്‍ വിശദീകരിച്ചു.