ബംഗളുരു: കർണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജിവച്ചു. സിവിൽ കോൺട്രാക്ടറും ബിജെപി പ്രവർത്തകനുമായ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായിരുന്നു ഈശ്വരപ്പ. സംഭവത്തിൽ മന്ത്രിക്കെതിരെ കേസ് എടുത്തിരുന്നു.
സന്തോഷിന്റെ ബന്ധു പ്രശാന്ത് പാട്ടീൽ നൽകിയ പരാതിയിൽ ആത്മഹത്യ പ്രേരണ കുറ്റം (ഐ.പി.സി 306 വകുപ്പ്) ചുമത്തിയാണ് ബി.ജെ.പി മന്ത്രിക്കും സഹായികൾക്കുമെതിരെ കേസ് എടുത്തത്. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ സമർദ്ദം ശക്തമാക്കിയിരുന്നു. അതിനിടെയായാണ് ഈശ്വരപ്പയുടെ രാജി.
കരാർ പ്രവൃത്തിക്ക് 40 ശതമാനം കമീഷൻ മന്ത്രിയും സഹായികളും ആവശ്യപ്പെട്ടതായി സന്തോഷ് നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ഹോട്ടൽ മുറിയിൽ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തുന്നത്. മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് സൂചിപ്പിച്ചുള്ള സന്ദേശം സന്തോഷ് സുഹ്യത്തിന് അയച്ചിരുന്നു.
വാട്സ്ആപ്പ് വഴി സന്ദേശം അയക്കുന്നതിനെ മരണക്കുറിപ്പ് എന്ന് വിളിക്കാനാവില്ലെന്നും ആരെങ്കിലും മൊബൈലിൽ നിന്ന് ടൈപ്പ് ചെയ്ത് അയച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്നുമായിരുന്നു ഈശ്വരപ്പയുടെ വാദം.