മായാനദിയിലെ സ്ത്രീ വിരുദ്ധത കണ്ടില്ലേ ; വിമര്‍ശകരോട് ശബരീനാദന്‍ എംഎല്‍എ

sabarinathan

സ്ത്രീ വിരുദ്ധതയുടെ പേരില്‍ മലയാള സിനിമയില്‍ വിവാദങ്ങള്‍ കത്തി പടരുമ്പോള്‍ രാഷ്ട്രീയ രംഗത്തു നിന്നും സ്വന്തം അഭിപ്രായം പ്രകടിപ്പിച്ച് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്.

‘കസബ’ എന്ന മമ്മൂട്ടി ചിത്രത്തില്‍ സ്ത്രീവിരുദ്ധ രംഗങ്ങള്‍ ഉണ്ടെന്നാരോപിച്ച് നടി പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങള്‍ ഉണ്ടാക്കിയ കോളിളക്കം ഒന്നു ശാന്തമായി വരുന്നതിനു മുന്‍പാണ് എം എല്‍ എയും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നകത്.

വിമര്‍ശനവുമായി മുന്നിട്ടിറങ്ങിയവര്‍ എന്തു കൊണ്ട് മായാനദിയിലെ സ്ത്രീവിരുദ്ധത കണ്ടില്ലെന്നാണ് കെ ശബരീനാഥന്‍ എംഎല്‍എ ചോദിക്കുന്നത്.

എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇന്ന് ഏരീസില്‍ പോയി മായാനദി കണ്ടു.നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ.നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്‌ബോള്‍, കലിതുള്ളി ആക്രോശിക്കുമ്‌ബോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്‌ലൈറ്റില്‍ പെണ്‍സുഹൃത്ത് തന്റെ സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്നു.സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ ? പക്ഷേ നിര്‍ഭാഗ്യവശാല്‍ നദിപോലെ ഒഴുകിയ ഓണ്‍ലൈന്‍ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല!!! സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം. അതില്‍ നമ്മള്‍ സൗകര്യപൂര്‍വം സെലെക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.

Top