കെ സുധാകരനിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് കെ.ശിവദാസന്‍ നായര്‍

പത്തനംതിട്ട: പാര്‍ട്ടിയെ വെട്ടിലാക്കുന്ന അഭിപ്രായം പറയുന്നവര്‍ക്കെതിരെ പോലും നടപടിയെടുക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ആറന്മുള മുന്‍ എംഎല്‍എയും നടപടി നേരിട്ട നേതാവുമായ കെ.ശിവദാസന്‍ നായര്‍. തന്റെ കൂടി രക്തം കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയാണിത്. അംഗത്വം റദ്ദാക്കിയാലും കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

മുതിര്‍ന്ന പ്രവര്‍ത്തകനായ തനിക്ക് കോണ്‍ഗ്രസിനെ കുറിച്ച് പറയാന്‍ സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെയാര്‍ക്കാണുണ്ടാകുക എന്നദ്ദേഹം ചോദിച്ചു. പ്രവര്‍ത്തകരുടെ പിന്തുണയുളളവരാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് വരേണ്ടത്. സംഘടനാ തിരഞ്ഞെടുപ്പാണ് ഒറ്റമൂലി. പുതിയ പട്ടികയില്‍ പ്രതിഫലിച്ചത് നേതാക്കളുടെ താല്‍പര്യമാണ് പ്രവര്‍ത്തരുടേതല്ലെന്ന വിമര്‍ശനവും ശിവദാസന്‍ നായര്‍ ഉന്നയിച്ചു. അച്ചടക്കം ലംഘിച്ചു എന്ന് തെളിയിച്ചാല്‍ മാത്രം തിരുത്താമെന്നും ഭാവിയില്‍ കുറ്റബോധം തോന്നാതിരിക്കാനാണ് ഇപ്പോള്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് തന്റെ കൂടി പാര്‍ട്ടിയാണെന്നും പാര്‍ട്ടിയുടെ നയങ്ങളെ തെരഞ്ഞെടുപ്പിന്റെ നടുമുറിക്ക് വിമര്‍ശിച്ച ഒരു പ്രസ്ഥാനമാണ് കേരളത്തിലെ കോണ്‍ഗ്രസെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. പാര്‍ട്ടിയിലെ പുഴുക്കുത്ത് മാറ്റാന്‍ നിലവിലെ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഡിസിസി പട്ടിക പുറത്ത് വന്നതോടെ ആ പ്രതീക്ഷക്ക് മങ്ങലേല്‍ക്കുകയാണോയെന്ന് സംശയിക്കുന്നുവെന്നും ശിവദാസന്‍ നായര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ പറഞ്ഞു.

പത്തനംതിട്ട ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സതീഷ് കൊച്ചുപറമ്പിലിനെ കുറിച്ച് തനിക്ക് പരാതിയൊന്നുമില്ലെന്നും പലവട്ടം കൂടിയാലോചന നടത്തിയിട്ടാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് പറയുന്നുണ്ടെങ്കിലും അതില്‍ പ്രവര്‍ത്തകരുടെ വികാരം പ്രതിഫലിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഡിസിസി അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പില്‍ അഭിപ്രായം പറഞ്ഞതിനാണ് കെ.ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാറിനെയും പാര്‍ട്ടി താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്.

Top