കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് സസ്‌പെന്റ് ചെയ്ത കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കെപിസിസി നല്‍കിയ നോട്ടീസിന് മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

മറുപടി തൃപ്തികരമായതിനാലും ഖേദം പ്രകടിപ്പിച്ചതിനാലും സസ്പെന്‍ഷന്‍ റദ്ദു ചെയ്യാനും പാര്‍ട്ടിയില്‍ തിരികെ എടുക്കുവാനും തീരുമാനിച്ചതായാണ് കെ സുധാകരന്‍ അറിയിച്ചിരിക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തില്‍ പാര്‍ട്ടിക്ക് കരുത്തും ശക്തിയും നല്‍കാന്‍ ശിവദാസന്‍ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ സന്തോഷം എന്ന് ശിവദാസന്‍ നായര്‍ പ്രതികരിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Top