തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
ബിജെപി നേതാവിനെ സ്റ്റാഫില്‍ നിയമിച്ച് രാജ്ഭവനെ ആര്‍എസ്എസിന്റെ കാര്യാലയമായി മാറ്റാനാള്ള നീക്കം കേരളം ഞെട്ടലോടെയാണു കാണുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. നിയമഭേദഗതിയുടെ പ്രസക്തി നഷ്ടപ്പെട്ട ലോകായുക്തയെ പിരിച്ചുവിടുന്നതാണ് ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകായുക്തയില്‍ സര്‍ക്കാര്‍ നിലപാട് ഗവര്‍ണര്‍ അംഗീകരിച്ചതോടെ എതിര്‍പ്പ് ഉയര്‍ത്തിയ സിപിഐ കാഴ്ചക്കാരായി മാറി. സിപിഐയുടെ അവസ്ഥ പരിതാപകരമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ബിജെപി നേതാവിനെ സ്റ്റാഫില്‍ നിയമിച്ച് ആര്‍എസ്എസിന്റെ കാര്യാലയമായി രാജ്ഭവനെ മാറ്റാനാള്ള നീക്കം കേരളം ഞെട്ടലോടെയാണു കാണുന്നതെന്നു സുധാകരന്‍ പറഞ്ഞു.
സംസ്ഥാനത്ത് അഴിമതിക്കെതിരേ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലന്‍സിനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇല്ലാതാക്കിയിരിക്കുന്നത്.
കടിക്കാന്‍പോയിട്ട് കുരയ്ക്കാന്‍ പോലും ശക്തിയില്ലാത്ത പുതിയ സംവിധാനത്തില്‍ തുടരണോയെന്ന് ആദരണീയരായ ജഡ്ജിമാര്‍ ചിന്തിക്കണം. പഠനം ചെയ്തും മനനം ചെയ്തും പുറപ്പെടുവിക്കുന്ന വിധികള്‍ ഭരണാധികാരികള്‍ ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുന്ന പുതിയ സാഹചര്യമാണ് ഉരുത്തിരിയുന്നത്. ആത്മാഭിമാനത്തോടെ അവിടെ ജോലി ചെയ്യാന്‍ ഇനിയാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. നിര്‍ജ്ജീവവും ആത്മാവില്ലാത്തതുമായ ലോകായുക്തയെ കേരളത്തിന് ആവശ്യമില്ലെന്നും സുധാകരന്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.