വര്‍ഗീയ ശക്തികളോടുള്ള വിധേയത്വത്തിന് തെളിവാണ് അമിത്ഷായ്ക്കുള്ള ക്ഷണം: കെ.സുധാകരന്‍

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായും ഓണാഘോഷത്തിൽ പങ്കെടുക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രിയ അമിത്ഷായെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി തന്റെ വർഗീയ ശക്തികളോടുള്ള വിധേയത്വവും ബിജെപിയോടുള്ള സ്‌നേഹവും പ്രകടിപ്പിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.

ഗാന്ധി ഘാതകരുടെ അനുയായികളും നെഹ്‌റു നിന്ദകരുമായ സംഘപരിവാർ നേതാക്കൾക്ക് സിപിഎം കേരളഘടകം നൽകുന്ന അമിത പ്രാധാന്യം പോളിറ്റ് ബ്യൂറോയുടെ ആശിർവാദത്തോടെയാണോയെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണം. ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള വള്ളംകളിയിൽ അദ്ദേഹത്തെ ഏറ്റവും കൂടുതൽ അപമാനിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നവരെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്.

ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയിൽ ലിസ്റ്റ് ചെയ്തിട്ടും തുടർച്ചയായി 30 തവണ മാറ്റിവെച്ചതിന്റെയും സ്വർണ്ണക്കടത്ത് കേസിലെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിന്റെ ഗതിമാറിയതിന്റെയും പൊരുൾ മുഖ്യമന്ത്രി പ്രത്യേക താൽപ്പര്യമെടുത്ത് അമിത്ഷായ്ക്കയച്ച ക്ഷണക്കത്തിന്റെ ഉള്ളടക്കത്തിലൂടെ കേരളീയ സമൂഹത്തിന് ബോധ്യമായി.

പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഗുജറാത്ത് മോഡൽ പഠിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ അയച്ച മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം സംഘപരിവാർ പ്രീണന നിലപാട് ഉണ്ടായതിൽ അത്ഭുതപ്പെടാനില്ല. ടീസ്ത സെറ്റൽവാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിയമസഭയിൽ കണ്ണീരൊഴുക്കിയ മുഖ്യമന്ത്രി ഇപ്പോൾ ബിജെപി മന്ത്രിമാരെ ക്ഷണിക്കാൻ കുമ്പിട്ട് മുട്ടിലിഴയുകയാണ്.മതേതരത്വത്തെ കുറിച്ച് അധരവ്യായാമം നടത്തുന്ന മുഖ്യമന്ത്രിയുടെ ഇരട്ടമുഖം വീണ്ടും പുറത്തായി. കേരളത്തിൽ സംഘപരിവാർ പ്രവർത്തകർ കൊന്നുതള്ളിയ സിപിഎം രക്തസാക്ഷികളുടെ ആത്മാവും അവരുടെ കുടുംബങ്ങളും മുഖ്യമന്ത്രിയോട് ക്ഷമിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

Top