ബീഡി കെട്ടുന്ന പണിയുണ്ടായിരുന്ന കോടിയേരി കോടീശ്വരനായത് എങ്ങനെയെന്ന്

K Sudhakaran

കണ്ണൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ത്രിപുരയില്‍ സിപിഎമ്മിനേറ്റ വന്‍ തിരിച്ചടിയില്‍ വിമര്‍ശനവുമായി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍ രംഗത്ത്.

ബിജെപിയുടെ വര്‍ഗീയ ഫാസിസത്തെ ഒറ്റയ്ക്കു നേരിടുമെന്ന സിപിഎമ്മിന്റെ അവകാശവാദം, ആനയ്ക്ക് അണ്ണാന്‍ കല്യാണമാലോചിച്ചതു പോലെയെന്ന് അദ്ദേഹം പരിഹസിച്ചു. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുധാകരന്‍.

ബംഗാളിലും ത്രിപുരയിലും തീര്‍ന്നു, കേരളത്തില്‍ മാത്രമായ സിപിഎം ഇവിടെയിരുന്നു കൊണ്ടു വര്‍ഗീയ ഫാസിസത്തെ എന്തു ചെയ്യുമെന്നാണു പറയുന്നത്. കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയത്തോടാണല്ലോ സിപിഎമ്മിനു വിമര്‍ശനം, 35 കൊല്ലം ഭരിച്ചപ്പോള്‍ ബംഗാളില്‍ സിപിഎം എന്താണു ചെയ്തത് പാവപ്പെട്ട കൃഷിക്കാരുടെ പട്ടയം പിടിച്ചെടുത്തു ഭൂമി ടാറ്റയുടെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചു. അവിടെയിപ്പോള്‍ സിപിഎമ്മിനു പാര്‍ട്ടി ഓഫിസുകള്‍ വാടകയ്ക്കു കൊടുക്കേണ്ട സ്ഥിതിയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഉപ്പുവച്ച കലം പോലെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണു സിപിഎം. എന്നിട്ടാണു ബിജെപിയെ ഒറ്റയ്ക്കു നേരിടുമെന്നു വീമ്പിളക്കുന്നത്. ആഗ്രഹിക്കുന്നതിനും ഒരു പരിധിയില്ലേ കേരളത്തിലെ സിപിഎം മാത്രമാണ് അതു മനസ്സിലാക്കാത്തതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

ബംഗാളിലെ പഴയ ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരുമൊക്കെ ഇപ്പോള്‍ കേരളത്തില്‍ കൂലിപ്പണിയെടുത്താണു കഴിയുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ എന്തു സാമ്പത്തിക നയമാണു നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

എല്‍ഡിഎഫ് എംഎല്‍എമാരില്‍ 17 പേര്‍ ബഹുരാഷ്ട്രക്കുത്തക കമ്പനികളുടെ പാര്‍ട്ട്ണര്‍മാരാണ്. തോമസ് ചാണ്ടിയുടെ ആസ്തിക്കു മുന്‍പില്‍ അന്തിച്ചു നില്‍ക്കുകയാണു മുഖ്യമന്ത്രിയെന്നും സുധാകരന്‍ വിമര്‍ശിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ മകന്റെ പതിമൂന്നരക്കോടി രൂപയുടെ കടം ആരാണു വീട്ടിയത്, ഞാന്‍ ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്തു ബീഡി കെട്ടുന്ന പണിയായിരുന്നു കോടിയേരിക്ക്. പിന്നെ എവിടെ നിന്നു കിട്ടി ഈ കോടികള്‍ അപ്പൂപ്പന്റെ തറവാട്ടില്‍ നിന്നു വന്നതോയെന്നും സുധാകരന്‍ ചോദിച്ചു.

Top